സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി വന്ദേഭാരത് മിഷന്‍റെ ഭാഗമായി കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 13,535 പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിഞ്ഞത്. സൗദിയില്‍ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടെങ്കിലും വന്ദേഭാരത് മിഷനില്‍ അനുവദിക്കപ്പെട്ട ഫ്ളൈറ്റുകള്‍ വളരെ കുറവാണ്. വന്ദേഭാരതില്‍ ആകെ 270 ഫ്ളൈറ്റുകള്‍ വന്നപ്പോള്‍ അതില്‍ 20 ഫ്ളൈറ്റുകള്‍ മാത്രമാണ് സൗദി അറേബ്യയില്‍ നിന്ന് എത്തിയത്.

സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ ശ്രമിക്കുന്നവരില്‍ അധികം പേരും ജോലി നഷ്ടപ്പെട്ടവരോ വിസയുടെ കാലാവധി കഴിഞ്ഞവരോ ഗര്‍ഭിണികളോ മറ്റു രോഗങ്ങളുള്ള വയോധികരോ ആണ്. ഇവരുടെ പ്രയാസം കണക്കിലെടുത്ത് വന്ദേഭാരത് മിഷനില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

വിദേശ നാടുകളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്താന്‍ ആകെ 5,40,180 പേരാണ് രജിസ്റ്റര്‍ ചെയ്തത്. എല്ലാവരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടും 1,43,147 പേര്‍ക്ക് മാത്രമാണ് ഇതുവരെ തിരിച്ചെത്താന്‍ കഴിഞ്ഞത്. സ്വകാര്യ ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഏര്‍പ്പെടുത്താന്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *