യുഡിഎഫില്‍ നിന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കി

തിരുവനന്തപുരം : യുഡിഎഫില്‍ നിന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ജോസഫ് വിഭാഗവുമായി ഉണ്ടായിരുന്ന ധാരണ പാലിക്കണമെന്ന യുഡിഎഫ് നിർദേശം തള്ളിയതിനെത്തുടര്‍ന്നാണു യുഡിഎഫ് ജോസ്.കെ.മാണി വിഭാഗത്തെ പുറത്താക്കിയത്‌.
പലതവണ ചർച്ച നടത്തിയിട്ടും സമയം നൽകിയിട്ടും സഹകരിക്കാത്തതുകൊണ്ടാണു തീരുമാനമെന്നു യുഡിഎഫ് നേതൃത്വം പറഞ്ഞു.

യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ട. യുഡിഎഫ് യോഗത്തില്‍ നിന്നും ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ അറിയിച്ചു.

ജോസ് കെ.മാണി വിഭാഗത്തിനു യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നു കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. ഒഴിവു വന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗം കേരള കോണ്‍ഗ്രസുകളും അവകാശവാദം ഉന്നയിച്ചു. അതേതുടര്‍ന്നു യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് ധാരണയുണ്ടാക്കി. ഇതുപ്രകാരം 8 മാസം ജോസ് കെ.മാണി വിഭാഗത്തിനും 6 മാസം പി.ജെ.ജോസഫ് വിഭാഗത്തിനും നല്‍കാന്‍ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനോടു പ്രഖ്യാപിക്കാന്‍ യുഡിഎഫ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 8 മാസ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവച്ചില്ല. അതേത്തുടര്‍ന്നു ചര്‍ച്ചകള്‍ക്കായി പി.കെ.കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് ചുമതലപ്പെടുത്തി. പലവട്ടം ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാന്‍ മറ്റു ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി.

എന്നാല്‍, ജോസ് വിഭാഗം രാജിവ‌ച്ചില്ല. യുഡിഎഫ് സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലാത്തതാണെന്നു പരസ്യമായ നിലപാട് എടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനു യുഡിഎഫില്‍ തുടരാനുള്ള അര്‍ഹതയില്ല. യുഡിഎഫ് യോഗങ്ങളില്‍നിന്നും അവരെ മാറ്റി നിര്‍ത്താനും തീരുമാനിച്ചു. യുഡിഎഫിന്റെ അടുത്ത യോഗം ജൂലൈ ഒന്നിനു വിഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. ജോസ് കെ.മാണി വിഭാഗത്തെ യോഗത്തിലേക്കു വിളിക്കില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.

തീരുമാനത്തെ പി.ജെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *