കേന്ദ്ര ഫിഷറീസ് നയം: കൂടിയാലോചനകള്‍ നടത്തണമെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍

തിരുവനന്തപുരം: കേന്ദ്ര ഫിഷറീസ് നയത്തെക്കുറിച്ച് വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ നയത്തിന് അന്തിമ രൂപം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംഘടിപ്പിച്ച വെബിനാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരുകളുടെയും മത്സ്യതൊഴിലാളി സംഘടകളുടെയും അഭിപ്രായങ്ങള്‍ തേടേണ്ടതുണ്ട്. കരട് നയരേഖ പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്ത്, മത്സ്യതൊഴിലാളികള്‍ക്ക് നല്‍കുകയും വേണം. തീരദേശ എം പി മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച ചെയ്തു, അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായുകയും വേണമെന്ന് വെബിനാര്‍ നിര്‍ദ്ദേശിച്ചു.

വിവിധ മത്സ്യതൊഴിലാളി ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു. മത്സ്യമേഖലാ വിദഗ്ധന്‍ വി.വിവേകാനന്ദന്‍ ‘ഫിഷറീസ് പോളിസിയും മീന്‍പിടിത്ത സമൂഹവും’ എന്ന പ്രബന്ധം അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചയില്‍ വിവിധ സംഘടനാ പ്രാതിനിധികളായ ആസ്റ്റില്‍ ഗോമസ്, പുല്ലുവിള സ്റ്റാന്‍ലി, രജനീഷ് ബാബു, ജോസഫ് ജൂഡ്, ജാക്‌സണ്‍ പൊള്ളയില്‍, ചാള്‍സ് ജോര്‍ജ്, ജൂലിയന്‍ ടീലാര്‍, എക്‌സ് ജോസഫ്, എസ്. രവീന്ദ്രന്‍ നായര്‍, ജെ.ജോണ്‍ (ന്യൂഡല്‍ഹി), അബ്ദുള്‍ റാസിക്, രാജു ആശ്രയം, എസ് സ്റ്റീഫന്‍, വലേരിയന്‍ ഐസക്ക് എന്നിവര്‍ പങ്കെടുത്തു.

നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി പീറ്റര്‍ വെബിനാര്‍ മോഡറേറ്റ് ചെയ്തു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി ഡി മജീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *