ഇന്ത്യയില്‍ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം ഉയര്‍ന്നത്. ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 5,08,953 പേരാണ് രോഗബാധിതരായത്. രാജ്യത്ത് ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തുന്നത് ഇതാദ്യമാണ്.

ആകെ രോഗബാധിതരില്‍ 2,95,880 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. നിലവില്‍ 58.13 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ കൂടുന്നത് കടുത്തആശങ്കയ്ക്കിടയാക്കുന്നുണ്ട്. രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലേക്കെത്താന്‍ കഷ്ടിച്ച്‌ ആറ് ദിവസം മാത്രമാണ് വേണ്ടിവന്നത്.

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുന്നത്. ഈ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. രാജ്യത്തെ ആകെ രോഗികളുടെ അന്‍പത്തിയൊമ്ബത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1,52,765 ആയി. 7106 പേരാണ് ഇവിടെ മരിച്ചത്.

ഡല്‍ഹിയില്‍ 77,240 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2492 പേരാണ് മരിച്ചത് തമിഴ്‌നാട്ടില്‍ 74,622 പേര്‍ക്ക് രോഗംബാധിച്ചു. 957 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 30095 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 1771 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *