മയക്കുമരുന്നിന് എതിരെയുളള പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മ്യൂണിറ്റി പോലീസ് സംവിധാനം വിനിയോഗിക്കും : ഡി.ജി.പി

തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ ഉപയോഗവും കൈമാറ്റവും തടയുന്നതിന് കമ്മ്യൂണിറ്റി പോലീസ് സംവിധാനത്തിന്‍റെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. മയക്കുമരുന്നിനെതിരെ കേരള പോലീസ് സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ പ്രചാരണ പരിപാടികള്‍ക്ക് ഓണ്‍ലൈനില്‍ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നിന് എതിരെയുളള അന്താരാഷ്ട്രദിനമായ ഇന്ന് തുടക്കംകുറിച്ച പ്രചാരണപരിപാടികള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ അര്‍പ്പിച്ചു.

ജനമൈത്രി പോലീസ്, സ്റ്റുഡന്‍റ്  പോലീസ് കേഡറ്റ് സംവിധാനങ്ങളാണ് മയക്കുമരുന്നിന്‍റെ ഉപയോഗവും കൈമാറ്റവും തടയുന്നതിന് ഉപയോഗിക്കുകയെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ജോലിഭാരം മൂലം മയക്കുമരുന്ന് കടത്ത് കേസുകള്‍ പിടിക്കപ്പെടാതെ പോവുകയോ അന്വേഷിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. മയക്കുമരുന്നിന് എതിരായ നിയമം നടപ്പാക്കാന്‍ പോലീസിലെ എല്ലാ വിഭാഗങ്ങളെയും പ്രോത്സാഹിപ്പിക്കണം. ജില്ലകളിലെ നാര്‍ക്കോട്ടിക് വിഭാഗത്തില്‍ വനിതാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിലും അന്വേഷണത്തിലും വൈദഗ്ദ്ധ്യം തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട പോലീസ് ഓഫീസര്‍മാര്‍ക്ക് അതത് ജില്ലകളില്‍വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

പ്രചാരണ പരിപാടികളുടെ ഭാഗമായി മയക്കുമരുന്നിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസ മത്സരങ്ങള്‍ നടത്തുന്നുണ്ട്. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന എന്‍ട്രികള്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 5,000 രൂപയുമാണ് നല്‍കുന്നത്. മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്.

മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ യെങ് ആന്‍റി നര്‍ക്കോട്ടിക്ക് വാരിയേഴ്സ് ആയി പ്രഖ്യാപിക്കും. വിദഗ്ധരും ഡോക്ടര്‍മാരും പങ്കെടുക്കുന്ന ആന്‍റി നര്‍ക്കോട്ടിക് വെബിനാറുകള്‍ സംഘടിപ്പിക്കും. ഡിഅഡിക്ഷന്‍ കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കും. 15 ലക്ഷത്തിലധികം പേര്‍ വരിക്കാരായ കേരളാ പോലീസിന്‍റെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *