കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു

കോഴിക്കോട് : നടുവണ്ണൂരിൽ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്‍നാട് സ്വദേശിയായ ലോറി ഡ്രൈവർ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് ആശുപത്രി അടച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തും. ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

നടുവണ്ണൂർ-പേരാമ്പ്ര സംസ്ഥാനപാതയിൽ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയാണ്​ അണുനശീകരണ പ്രവർത്തനങ്ങൾക്കായി അടച്ചത്​. തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. സംസ്ഥാനപാത വഴി കടന്നുപോകുന്ന തമിഴ്‍നാട് ലോറി ആശുപത്രിക്ക് മുന്നിൽ പെട്ടെന്ന് നിർത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവർ ഈറോഡ്​സ്വദേശി ഷൺമുഖം ആശുപത്രിയിലേക്ക് ഓടിക്കയറുകയുമായിരുന്നു. ഇദ്ദേഹത്തിന് 50 വയസ്സാണ് പ്രായം.

നെഞ്ചുവേദനയാണെന്ന്​ പറഞ്ഞതിനെ തുടർന്ന്​ ഇ.സി.ജിയെടുത്തതിനു പിന്നാലെ ഷൺമുഖം കുഴഞ്ഞുവീണ്​ മരിച്ചു. കോവിഡ്​ ആശങ്ക നിലനിൽക്കുന്നതിനാല്‍ തമിഴ്‍നാട് സ്വദേശിയുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്‍ത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ആശുപത്രി അടയ്ക്കാന്‍ തീരുമാനിച്ചത്. മരണത്തെ തുടർന്ന് ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കുകയോ ചെയ്തില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *