സമൂഹവ്യാപന ആശങ്ക; തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: ഉറവിടം വ്യക്തമല്ലാത്ത കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തലസ്ഥാന നഗരി. തിരുവനന്തപുരത്ത് ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം ചേരും. സുരക്ഷാജീവനക്കാരന് കോവി‍ഡ് സ്ഥിരീകരിച്ച മെഡിക്കല്‍ കോളജ് ആശുപത്രിയും കനത്ത ജാഗ്രതയിലാണ്

ദിവസങ്ങള്‍ക്കിടെ ഉറവിടമറിയാത്ത രോഗികള്‍, ദിവസവും ആയിരക്കണക്കിനാളുകളെത്തുന്ന മെഡിക്കല്‍ കോളജില്‍ സുരക്ഷജീവനക്കാരനും കോവിഡ്- സമൂഹവ്യാപനത്തിന്‍റെ ആശങ്കയിലാണ് തിരുവനന്തപുരം നഗരം. ഇളവുകള്‍ ഒഴിവാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ നിവൃത്തിയില്ലെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിലയിരുത്തിയത്.

ജില്ലയിലെ പ്രധാന ചന്തകളിൽ 50 ശതമാനം കടകൾ മാത്രമേ തുറക്കൂ. ഓട്ടോ-ടാക്സി യാത്രക്കാര്‍ വണ്ടി നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. മാളുകളിലെ തിരക്കുള്ള കടകൾ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവർത്തിക്കാവൂ. സമരങ്ങളില്‍ പത്ത് പേര്‍ മാത്രം. സ്ഥിതി വിലയിരുത്താൻ വീഡിയോ കോൺഫറൻസിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗവും വിളിച്ചിട്ടുണ്ട്.

ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പൊലീസ് പരിശോധന വര്‍ധിപ്പിക്കും. കോവിഡ് സ്ഥിരീകരിച്ച സുരക്ഷ ജീവനക്കാരന് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന ‍ഡ്യൂട്ടിയായിരുന്നു. മെയ് ആദ്യവാരം കോവിഡ് വാര്‍ഡിന് മുന്നിലും ജോലിയെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ വെല്ലുവിളിയാണ്. രോഗലക്ഷണങ്ങളോടെ 17ാം തീയതി കടകംപള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലും 18ന് ലോര്‍ഡ്സ് ആശുപത്രിയിലും ചികിത്സ തേടിയ ശേഷമാണ് 19ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്നത്.

ജീവനക്കാരുടെയും മറ്റ് രോഗികളുടെയും സുരക്ഷക്കായി കണ്ടെയ്‍ന്‍‍മെന്‍റ് സോണുകളില്‍ നിന്ന് വരുന്നവര്‍ക്കായി മെഡിക്കല്‍ കോളജില്‍ പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമാക്കി. കോവിഡ് രോഗികളും അല്ലാത്തവരും തമ്മിലെ സമ്പര്‍ക്കം ഒഴിവാക്കാനാണ് പുതിയ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ അടിയന്തര സജ്ജീകരണം ഏര്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *