മാലിന്യങ്ങള്‍ കുന്നുകൂടി വേളി ടൂറിസ്റ്റ് വില്ലേജ്; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്‌

തിരുവനന്തപുരം: വേളി ടൂറിസ്റ്റു വില്ലേജിലും വേളി കായലിലും നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും അടിയുന്നതിനെതിരെ വേളിനിവാസികള്‍ പ്രക്ഷോഭത്തിലേക്ക്.

വേളി കായല്‍ മുറിച്ച് കടലിലേക്ക് വിട്ടപ്പോള്‍ അടുത്തുള്ള തീരപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കരയിലോട്ടു അടിഞ്ഞു കയറി. മൃഗങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍, ആഫ്രിക്കന്‍ പായല്‍, പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും, ആശുപത്രികളില്‍ നിന്നുപേക്ഷിക്കുന്ന സിറിഞ്ചും മറ്റ് വസ്തുക്കളും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങി എല്ലാത്തരം മാലിന്യങ്ങളും കരയില്‍ കുന്നു കൂടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ടൂറിസം വകുപ്പോ, ഇറിഗേഷന്‍ വകുപ്പോ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

വേളി ടൂറിസ്റ്റു വില്ലജിനോട് കാണിക്കുന്ന അവഗണനയാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കോടിക്കണക്കിനു രൂപയാണ് മാലിന്യങ്ങള്‍ കായലില്‍ നിന്നും നീക്കം ചെയ്യുന്നതിന് മാറ്റി വയ്ക്കുന്നത്. എന്നാല്‍ തുക വകമാറ്റി ചെലവഴിക്കുകയാണെന്നും ഇതില്‍ വന്‍ വെട്ടിപ്പ് നടക്കുന്നതായും പരക്കെ ആക്ഷേപമുണ്ട്.

കൂടാതെ മാലിന്യം കൂടുന്നവേളയില്‍ കായല്‍ മുറിച്ചു കടലിലോട്ടു ഒഴുക്കി കളയുന്ന തന്ത്രമാണ്് കാലാകാലങ്ങളില്‍ നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അടിയന്തിരമായി മാലിന്യം നീക്കം ചെയ്യുന്നതിനുവേണ്ട നടപടികള്‍ അധികാരികളില്‍ നിന്നുണ്ടായില്ലെങ്കില്‍ വന്‍പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *