ചൈനീസ് സൈന്യത്തിന്‍റെ കമാന്‍ഡിങ് ഓഫീസറെ വധിച്ചു

നാല് ഇന്ത്യൻ സൈനിക൪ കൂടി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ഇന്ത്യ – ചൈന ഏറ്റുമുട്ടലിനിടെ ചൈനീസ് സൈനിക വിഭാഗത്തിനേറ്റത് കനത്ത പ്രഹരമെന്ന് സൂചന. ചൈനീസ് സൈന്യത്തിന്‍റെ കമാന്‍ഡിങ് ഓഫീസറെ വധിച്ചു. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ പേര് വിവരം ഇന്ത്യ ഉടൻ പുറത്തുവിട്ടേക്കും. നാല് ഇന്ത്യൻ സൈനിക൪ കൂടി ഗുരുതരാവസ്ഥയില്‍ ഉണ്ടെന്നാണ് റിപ്പോ൪ട്ടുകൾ. നിലവിൽ സംഘ൪ഷം ലഘൂകരിക്കാൻ നിയന്ത്രണ രേഖയിൽ നീക്കങ്ങൾ ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ചൈനക്കുണ്ടായ ആള്‍നാശത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. 20 ജവാന്മാരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ചൈനയുടെ ആള്‍നാശത്തെ കുറിച്ച് കരസേനയും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ചൈനയുടെ നിരവധി സൈനികരെ വധിച്ചതായി സൈനിക സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് നിന്ന് ഹെലികോപ്ടറുകള്‍ വഴി പരിക്കേറ്റ സൈനികരെ ഒഴിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. പരിക്കേറ്റ ചൈനീസ് സൈനികരുടെ പേര് വിവരം ഇന്ത്യ പുറത്തു വിടുമെന്നും സൂചനയുണ്ട്. നാല്‍പതിലധികം ചൈനീസ് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ നാല് ഇന്ത്യൻ സൈനിക൪ ചികില്‍സയിലാണ്. ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയിൽ സംഘര്‍ഷം ലഘൂകരിക്കാൻ നീക്കം നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *