കോവിഡിനെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡിനെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലാണ്. കോവിഡ് മരണങ്ങള്‍ ദുഃഖകരമാണെന്നും ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ പ്രതിരോധ നടപടികളെക്കുറിച്ച് ലോകം സംസാരിക്കുകയാണ്. കോവിഡ് വ്യാപനം തടഞ്ഞാല്‍ മാത്രമേ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയൂ. രോഗമുക്തരായവരുടെ എണ്ണം പ്രതീക്ഷ നല്‍കുന്നതാണ്. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച പാടില്ല. സാമൂഹിക അകലം പാലിക്കലില്‍ വിട്ടുവീഴ്ച ചെയ്യരുത്. നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാം. ചെറിയ അനാസ്ഥ പോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇതുവരെയുണ്ടാക്കിയ നേട്ടം ഇല്ലാതാക്കും. കൃത്യമായ സമയത്തെ ലോക്ക്ഡൗണ്‍ ഫലം ചെയ്തു.

നിയന്ത്രണങ്ങള്‍ മൂലം സമ്പദ് വ്യവസ്ഥയില്‍ മാറ്റം വരുത്താനായിട്ടുണ്ട്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *