മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഉന്നയിക്കും. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി വെക്കും. ഇന്ന് വൈകിട്ട് 3 മണിക്കാണ് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ്.

രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തെക്കുറിച്ചും ലോക്ക്ഡൌണ്‍ ഇളവുകളെകുറിച്ചും ചര്‍ച്ച നടക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രവാസികളുടെ വരവ് സംബന്ധിച്ച തീരുമാനങ്ങളെക്കുറിച്ചാകും കേരളം കാതോര്‍ക്കുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം നിര്‍ദേശമായി മുന്നോട്ടുവെക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹി ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം തുടരണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ട്രെയിന്‍ സര്‍വീസ് പൂര്‍ണതലത്തിലാക്കരുത് തുടങ്ങിയ കാര്യങ്ങളും സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍വെക്കും. സംസ്ഥാനത്തിന് കൂടുതല്‍ കേന്ദ്ര സഹായവും ആവശ്യപ്പെടും. കോവിഡ് ലോക് ഡൌണ്‍ സാഹചര്യത്തില്‍ ഇത് നാലാമത്തെ തവണയാണ് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *