ഹരിപ്പാട്ടെ ഇടത് പ്രാദേശിക നേതാക്കള്‍ കോൺഗ്രസിൽ ചേര്‍ന്നു

ആലപ്പുഴ: ഹരിപ്പാട്ടെ ഇടത് പ്രാദേശിക നേതാക്കള്‍ കോൺഗ്രസിൽ. ഹരിപ്പാട് മുനിസിപ്പൽ ലോക്കൽ കമ്മറ്റി അംഗം അഡ്വ. ബി. ശിവപ്രസാദ്, കരുവാറ്റ ലോക്കല്‍ കമ്മിറ്റി അംഗവും എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായ ജി.ഹരികുമാർ, ബ്രാഞ്ച് കമ്മറ്റിയംഗം സിന്ധു എന്നിവരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് കോണ്‍ഗ്രസ് അംഗത്വം ഏറ്റുവാങ്ങിയത്.

കർഷക സംഘം ഏരിയാ എക്സിക്യൂട്ടീവ് അംഗം കൂടിയായ അഡ്വ. ശിവപ്രസാദ്, ഡി.വൈ.എഫ്ഐ ഏരിയ മുൻ വൈസ്പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായിരുന്നു. എൻ.സി.പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനപക്ഷം ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റുമായ സുരേഷ് കൈതപറമ്പിൽ, സജി പോങ്ങാട്ട്, രഘു രാജപ്പൻ ആചാരി എന്നിവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.

ശബരിമല വിഷയത്തിൽ സിപിഎമ്മിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച നേതാവാണ് എൻ.എസ്.എസ് കരയോഗം സെക്രട്ടറി കൂടിയായ ഹരികുമാർ. ട്രാൻപോർട്ട് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ നേതാവ് കൂടിയായ ഹരികുമാർ ശബരിമല വിഷയത്തിലും വനിതാ മതിലിനെതിരായും കരയോഗം പൊതുയോഗം വിളിച്ചു ചേർത്ത് വിയോജിപ്പ് വെളിപ്പെടുത്തിയിരുന്നു.

പാർട്ടിയിൽ നിന്ന്‌ അകന്നു നിന്ന ഇവരെ മടക്കികൊണ്ടുവരാൻ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപേ സി.പി.എം ശ്രമം തുടങ്ങിയെങ്കിലും ഇവർ വഴങ്ങിയില്ല. ഹരികുമാറിന്റെ ഭാര്യ സുനിത കരുവാറ്റ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *