കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്‌

ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്തെത്തി. 8102 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

നഗരങ്ങളിലെ ചേരികളിലാണ് രോഗബാധാ സാധ്യത കൂടുതലെന്നും സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടർന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്നും ഐസിഎംആർ അറിയിച്ചു. അതിനിടെ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ, മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ ആക്ടീവ് കേസുകൾ 1,37,448 ആണ്. 1,41,029 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 49.21 ശതമാനവും മരണനിരക്ക് 2.8 ശതമാനവുമാണ്.

മഹാരാഷ്ട്രയിയിലാണ് കോവിഡ് ബാധ ഏറ്റവും സങ്കീർണ്ണമായി തുടരുന്നത്. മഹാരാഷ്ട്രയിൽ 3607 പുതിയ കേസും 152 മരണവും കൂടി റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 97,648 ആയി. ഹരിയാനയിൽ 389 കേസും 12 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിൽ 238 കോവിഡ് കേസും ആറ് മരണവും കൂടി സ്ഥിരീകരിച്ചു.

രോഗബാധ വർധിച്ചതിനാൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 80 മന്ത്രാലയങ്ങളിൽ നിന്നുള്ള ജീവനക്കാർ കേന്ദ്ര പേഴ്സണൽകാര്യ മന്ത്രാലയത്തെ സമീപിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഒന്നിടവിട്ട് ഓഫീസിൽ എത്തുന്ന വിധത്തിൽ ഹാജർ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. റഷ്യയില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവും അമേരിക്കയില്‍ 20 ലക്ഷത്തിലേറെ കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *