കേരളത്തില്‍ 83 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ഇതുവരെ 2244 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1258 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 231 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 62 പേർ രോഗമുക്തി നേടി. ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദ് ആണ് മരിച്ചത്. അദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്നു. ഇന്നലെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 37 പേർ. സമ്പർക്കം മൂലം 14 പേർക്ക് രോഗം. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. തൃശൂരിൽ സമ്പർക്കം മൂലം രോഗം വന്നവരിൽ 4 പേർ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ്. 4 പേർ വെയർ ഹൗസിൽ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് രോഗബാധ സ്ഥിരീകരിച്ചവർ– മഹാരാഷ്ട്ര 20, ഡൽഹി– 7. തമിഴ്നാട്– 4, കർണാടക 4, ബംഗാൾ– 1, മധ്യപ്രദേശ്1 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

തൃശൂർ 25, പാലക്കാട് 13, മലപ്പുറം 10, കാസർകോട് 10, കൊല്ലം 8, കണ്ണൂർ 7, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കോവിഡ് ബാധിതര്‍.

പാലക്കാട് ജില്ലയിലെ രണ്ട് സ്ഥലങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 35 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി.

ഇതുവരെ രണ്ടര ലക്ഷം അതിഥി തൊഴിലാളികളെ അതത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തില്‍ നിന്നും പോയ ചിലര്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇവര്‍ തിരിച്ചെത്തിയാല്‍ ഉടനെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും, സുരക്ഷാക്രമീകരണങ്ങളോടെയുള്ള ക്വാറന്റീന്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *