ജീവനക്കാരെ കബളിപ്പിച്ച് വന്‍തട്ടിപ്പുകളുമായി ‘പി.ഡി.എഫ് പത്രം’..!

കിരണ്‍ലാല്‍


തിരുവനന്തപുരം: തൃശൂരില്‍ ഡിക്ലറേഷന്‍ വച്ച്  എറണാകുളത്ത് ഓഫീസ് കേന്ദ്രമാക്കി വല്ലപ്പോഴും പ്രസിദ്ധീകരിക്കുന്ന ‘കേരള പ്രണാമം’ എന്ന പത്രത്തിന്റെ മറവില്‍ വന്‍തട്ടിപ്പെന്ന് പരക്കെ ആക്ഷേപം.

പത്രപ്രവര്‍ത്തനരംഗത്ത് പേരെടുത്ത പലരേയും തലപ്പത്ത് അനൗദ്യോഗികമായും ഔദ്യോഗികമായും നിയമിക്കുകയും മാസങ്ങളുടെ ശമ്പളകുടിശ്ശിക വരുത്തുകയും ചെയ്തതായി സ്ഥാപനത്തിനെതിരെ നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. ശമ്പളം ചോദിച്ച വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നതായ പരാതിയും കേരള പത്രപ്രവര്‍ത്തക യൂണിയനിലും മറ്റും നേരത്തെ വ്യാപകമായിരുന്നു.

ലോക്ഡൗണ്‍ തുടങ്ങുന്നതിനുമുന്‍പുതന്നെ പ്രസിദ്ധീകരണം നിലച്ച പത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ചിലര്‍ തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ പത്രത്തിനുവേണ്ടി ജോലി ചെയ്തിരുന്നവര്‍ക്ക് ശമ്പളം നല്‍കിയില്ലെന്നു മാത്രമല്ല, അവരുടെ പേരുകള്‍ ഉപയോഗിച്ച് വന്‍തട്ടിപ്പിനുള്ള ശ്രമം നടത്തുകയും ചെയ്തവത്രെ. ജോലി ചെയ്തിട്ട് ശമ്പളം ചോദിക്കുന്നവരോട് സ്ഥാപനത്തിലെ മറ്റു ജീവനക്കാരെ ഉപയോഗിച്ച് ഫോണിലൂടെയും മറ്റും വിവിധതരം ഭീഷണിസ്വരങ്ങള്‍ ഉയര്‍ത്തുന്നതായും പരാതിയുണ്ട്. ശമ്പളം ചോദിച്ച് ഫോണ്‍ വിളിച്ചാല്‍  കട്ട് ചെയ്യുകയോ ആളെ മനസ്സിലാക്കി ഫോണ്‍ എടുക്കാറില്ലെന്നും ജീവനക്കാര്‍ അരോപിക്കുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ചുരുക്കം ചില ജീവനക്കാര്‍ക്ക് കിട്ടേണ്ട തുക സംബന്ധിച്ച് കേരളപ്രണാമം ഓഫിസിലെ അക്കൗണ്ടന്റിന് ഒരു ജീവനക്കാരന്‍ കഴിഞ്ഞ ദിവസം വാട്‌സ്ആപ് മെസേജും നല്‍കിയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ പത്രം ഫ്രീയായി നല്‍കുന്ന പദ്ധതിയില്‍ ജില്ലയിലെ ജീവനക്കാരെ ഉപയോഗിച്ച് തുടക്കമിട്ടിട്ട് അവിടങ്ങളില്‍ ഇന്നേവരെ ഒരു ദിവസം പോലും പത്രം അച്ചടിച്ച് കൊടുത്തിട്ടില്ല എന്നത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്ത ജില്ലയിലെ ബ്യൂറോ ചീഫ്, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്ക് ജോലി ചെയ്ത കാലയളവിലെ ശമ്പളം പോലും ഇതുവരെ നല്‍കിയിട്ടില്ല. ഇതിനുവേണ്ടി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ബ്യൂറോ ചീഫ്, സര്‍ക്കുലേഷന്‍ തുടങ്ങി ചാര്‍ജ് നോക്കിയ വ്യക്തികള്‍ക്ക് ക്ഷീണമായിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ഒട്ടും പ്രചാരമില്ലാത്ത ഈ പത്രത്തിന്റെ പേരില്‍ ഈവന്റുകളും മറ്റും സംഘടിപ്പിച്ച് തട്ടിപ്പ് നടത്താന്‍ പത്രമാനേജ്‌മെന്റിലെ ചിലരുടെ ഗൂഡനീക്കം ആദ്യം തന്നെ പൊളിഞ്ഞിരുന്നു.തിരുവനന്തപുരം ജില്ലയിലെ പ്രദേശിക പത്രപ്രവര്‍ത്തകര്‍ പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് സ്വയം കളഞ്ഞിട്ടുപോയ സ്ഥിതിവിശേഷവും ഉണ്ട്. ‘ ഉഡായിപ്പ് ” ആണ് എന്ന് മനസ്സിലാക്കിയശേഷം ഒന്നോ രണ്ടോ പ്രാദേശിക ലേഖകര്‍ ഒഴികെ മറ്റാരും ഇപ്പോള്‍ ഇതുമായി സഹകരിക്കുന്നുമില്ല.

പ്രസിദ്ധീകരിച്ചിരുന്ന കാലയളവില്‍ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ  പത്രം ഫ്രീയായി വിതരണം ചെയ്തിരുന്നതും ഇപ്പോഴും മറ്റു പത്രങ്ങള്‍ വിതരണം ചെയ്തുവരുന്നവരുമായ വില്യംസ്, രാമസ്വാമി, പ്രേമന്‍ തുടങ്ങിയവര്‍ക്ക് പോലും ഇതുവരെയും കാശ് നല്‍കിയിട്ടില്ലെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

തൃശൂരില്‍ മാത്രം എഡിഷന്‍ അനുവദിച്ചിട്ടുള്ള പത്രത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും എഡിഷന്‍ ഉണ്ടെന്നു കാണിക്കുന്ന തട്ടിപ്പാണ് നടത്തിവരുന്നതത്രെ. മറ്റൊരു ജില്ലയിലും എഡിഷന്‍ ഇല്ലാത്ത പത്രത്തിന്റെ എഡിഷന്‍ കോളത്തില്‍ കേരളത്തിലെ 14 ജില്ലകളിലും എഡിഷന്‍ ഉണ്ടെന്ന് കാണിച്ചിട്ടുണ്ട്. ഇതു തന്നെ തട്ടിപ്പിന്റെ ആദ്യപാഠമായി വിലയിരുത്താം. വിവരാവകാശ നിയമപ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ (ഐ.& പി.ആര്‍.ഡി) പരിശോധിച്ചാല്‍ പത്രം ഏതെല്ലാം ദിവസം അച്ചടിച്ചിട്ടുണ്ടെന്ന് ഓരോ പൗരനും മനസ്സിലാക്കാവുന്നതാണ്. തോന്നുമ്പോള്‍ മാത്രം പത്രം അച്ചടിച്ച് പി.ആര്‍.ഡി.യുടെ മീഡിയാ ലിസ്റ്റില്‍ കടന്നുകൂടി സര്‍ക്കാരിനെ പറ്റിച്ച് പരസ്യ ഇനത്തില്‍ വന്‍തുക തട്ടാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അടുത്ത ലക്ഷ്യം. എന്നാല്‍ പി.ആര്‍.ഡി നിയമപ്രകാരം കൃത്യമായി പ്രിന്റ് ചെയ്യാത്തതും സര്‍ക്കുലേഷന്‍ ഇല്ലാത്തതുമായ ഈ പത്രത്തിന് സര്‍ക്കാരിന്റെ മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെടാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വിലയിരുത്തുന്നുണ്ട്.

ഇതിനുപുറമെ സ്ഥാപനത്തിന്റെ പേരില്‍ ജി.എസ്.ടി എടുക്കാതെ പത്രത്തിന്റെ ബില്ലുകളില്‍ ജി.എസ്.ടി തുക ചേര്‍ത്ത് കൊടുത്തും തട്ടിപ്പുനടത്തിവരുന്നതായും സൂചനയുണ്ട്. പ്രിന്റിങ് ചെയ്യുന്ന പ്രസില്‍ വന്‍തുക കൊടുക്കാനുള്ളതുകൊണ്ടാണ് ഇപ്പോള്‍ പ്രിന്റ് ചെയ്യാത്തതെന്നും വ്യക്തമായ സൂചനയുണ്ട്.

അതേസമയം പത്രത്തിന്റെ ചെര്‍മാന്‍ സ്ഥാനം വഹിക്കുന്ന (എഡിറ്റര്‍, പ്രിന്റര്‍ ആന്റ് പബ്ലിഷര്‍) വ്യക്തിയെ പത്രം നന്നാക്കാന്‍ എന്ന വ്യാജേന ‘ ഒരു സംഘം’ പലതരത്തിലും കബളിപ്പിക്കുകയാണെന്നും, അതല്ല അദ്ദേഹത്തിന്റെ കൂടി അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും വിലയിരുത്തുന്നവരും കുറവല്ല.

എന്തുതന്നെയായാലും എല്ലാ ദിവസും ‘പി.ഡി.എഫ് പേജ് ” ചെയ്ത് സര്‍ക്കാരിനെയും ജനങ്ങളേയും പറ്റിക്കാന്‍ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ നിറയ്ക്കുകയാണ് ഇപ്പോള്‍ പ്രിന്റിങ് ഇല്ലാത്ത ഈ പത്രം എന്ന ആക്ഷേപവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *