മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്

ലക്‌നൗ: കോവിഡ് 19 പശ്ചാതലത്തില്‍ മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് ഒഴിവുവന്ന 22 സീറ്റുകളിലേക്കും രണ്ടുപേരുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിന്റെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കോണ്‍ഗ്രസ് നേതാവ് ജെ.പി ധനോപിയയാണ് ബാലറ്റ് പേപ്പറില്‍ വോട്ടിങ് നടത്തണം എന്നാവശ്യപ്പെട്ട് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിവസവും വര്‍ധിക്കുകയാണ്, ഓരോ ബൂത്തിലും 1000 മുതല്‍ 1200 വരെ ആളുകള്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമെന്നും വോട്ടിങ് മെഷീനില്‍ ഇവരുടെ കൈ പതിയുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ധനോപിയ വ്യക്തമാക്കുന്നു.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പാളയത്തിലെത്തിച്ചാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഭരിക്കുന്നത്. മൊത്തം 230 അംഗ സഭയാണ് മധ്യപ്രദേശിലേത്. നിലവില് 206 അംഗങ്ങളുണ്ട്. ഇതില്‍ ബിജെപിക്ക് 107 അംഗങ്ങളും കോണ്‍ഗ്രസിന് 92 അംഗങ്ങളുമാണുള്ളത്. 116 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് മധ്യപ്രദേശ് ഭരിക്കാമെന്നതാണ് സാഹചര്യം. അങ്ങനെയാകുമ്പോള്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് ഒമ്പത് സീറ്റില്‍ ജയിക്കേണ്ടത് നിര്‍ബന്ധമാണ്. കോണ്‍ഗ്രസിന് 92 അംഗങ്ങള്‍ക്ക് പുറമെ നാല് സ്വതന്ത്രരുടെയും ഒരു എസ്പി അംഗത്തിന്റെയും പിന്തുണയുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയാല്‍ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *