പമ്ബയില്‍ നിന്ന് മണലെടുപ്പ് തുടരുന്നു

പത്തനംതിട്ട: വനത്തിനു പുറത്തേക്ക് മണല്‍ കൊണ്ടുപോകുന്നതിനെ വനം വകുപ്പ് ശക്തമായി എതിര്‍ക്കുമ്ബോഴും പമ്ബയില്‍ നിന്ന് മണലെടുപ്പ് തുടരുന്നു.ഇന്നലെ കലക്ടര്‍ പി.ബി.നൂഹ് നേരിട്ടെത്തി മണലെടുപ്പ് പുനരാരംഭിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണു നടപടി. 146 ലോഡ് മണല്‍ ഇന്നലെ പമ്ബ ത്രിവേണിയില്‍ കരയിലേക്കു മാറ്റി.

എന്നാല്‍, വാരിയ മണല്‍ എന്തു ചെയ്യണമെന്നതില്‍ നടപടി ആയിട്ടില്ല. വനത്തിനു പുറത്തേക്കു കൊണ്ടുപോകുന്നതു വിലക്കിയ വനം വകുപ്പിന്റെ ഉത്തരവു പിന്‍വലിച്ചിട്ടില്ല. അതേസമയം, ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണു വനം വകുപ്പിന്റെയും കലക്ടറുടെയും നടപടികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മണല്‍ വനത്തിനു പുറത്തേക്കു കൊണ്ടുപോകാനുള്ള പാസ് അനുവദിക്കാന്‍ നടപടി തുടങ്ങിയിട്ടില്ല. അതിനിടെ സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ദുരന്തനിവാരണ നിയമം ഉള്‍പ്പെടെ ഉപയോഗിച്ചത് ഏതു സാഹചര്യത്തിലാണെന്നു സര്‍ക്കാര്‍ വിശദീകരിക്കണം.

മണല്‍ വാരല്‍ പുനരാരംഭിച്ചെങ്കിലും വിവാദത്തിനിടെ ഇനി ജോലി ഏറ്റെടുക്കാനില്ലെന്നു കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്‌ട്‌സ് മാനേജിങ് ഡയറക്ടര്‍ എസ്.അശോക് കുമാര്‍ പറഞ്ഞു. മണല്‍ വിറ്റഴിക്കാന്‍ പറ്റില്ലെങ്കില്‍ ചെലവു താങ്ങാനാകില്ല. വാരിയ മണല്‍ വനം വകുപ്പിന്റെ പാസ് കിട്ടുന്നതു വരെ ചക്കുപാലത്തോ നിലയ്ക്കലോ സൂക്ഷിക്കാനാണു കലക്ടര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ വാക്കാലുള്ള നിര്‍ദേശപ്രകാരം, പാസ് ഇല്ലാതെ വനമേഖല കടത്തി മണല്‍ എരുമേലിയില്‍ എത്തിച്ചു. അവിടം സംഭരണകേന്ദ്രമാക്കി വിറ്റഴിക്കാനായിരുന്നു പരിപാടി.

അനുമതി ഇല്ലാതെ മണല്‍ കൊണ്ടുപോകരുതെന്നു കരാറുകാര്‍ക്കു വനം വകുപ്പ് നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപാടില്‍ വന്‍ അഴിമതി ആരോപിച്ചത്. വനം മന്ത്രി കെ.രാജുവും ഇതിനെതിരെ പ്രതികരിച്ചു. തുടര്‍ന്നാണു മന്ത്രിയെയും വനം വകുപ്പിനെയും തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *