കോവിഡ്‌ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളി ആരോഗ്യ വിദഗ്ദ്ധർ

ന്യൂഡൽഹി:രാജ്യത്ത് കൊവിഡിന്റെ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളി ആരോഗ്യ വിദഗ്ദ്ധർ രംഗത്തെത്തി.

രാജ്യത്ത് സമൂഹവ്യാപനം കാര്യമായിത്തന്നെ സംഭവിച്ചെന്ന് പകർച്ച വ്യാധി വിദഗ്ദ്ധരുടെയും ഡോക്ടർമാരുടെയും സംഘടനകൾ സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു. ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോ. ഒഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോ. ഒഫ് എപ്പിഡെമിറ്റോളജിസ്റ്റ് എന്നീ സംഘടനകളാണ് പ്രസ്താവനയിറക്കിയത്. ഇതിനൊപ്പം 11 നിർദേശങ്ങളും ഇൗ സംഘടനകൾ കേന്ദ്ര സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മാതൃകയുടെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ രോഗവ്യാപനത്തെക്കുറിച്ച് പകർച്ച വ്യാധി ചികിത്സാ വിദഗ്ദ്ധരുമായും ചർച്ച നടത്തിയശേഷം തീരുമാനമെടുത്തിരുന്നെങ്കിൽ പ്രതിരോധ പ്രവർത്തനം കൂടുതൽ ഫലപ്രദമായേനെയെന്നും പ്രസ്താവനയിൽ പറയുന്നു. പ്രവർത്തന പരിചയമില്ലാത്ത ചില വിദഗ്ദ്ധർ നൽകിയ ഉപദേശങ്ങളാണ് തുടക്കത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. വ്യക്തവും കൃത്യവുമായ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ഇപ്പോൾ രാജ്യം നേരിടുന്നതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

പൊതുജനാരോഗ്യം, പ്രതിരോധം, സാമൂഹിക സേവനം എന്നീ മേഖലകളിലെ വിദഗ്ദ്ധരുമായി ചർച്ച നടത്തി വിവരങ്ങൾ സുതാര്യമായി പൊതുജനങ്ങളുമായി പങ്കുവയ്ക്കേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഗുരുതരമല്ലാത്ത രോഗികളുടെ ചികിത്സ വീട്ടിലാകുകയായിരുന്നു നന്ന്. രോഗവ്യാപനത്തിന്റെ തുടക്കത്തിൽത്തന്നെ കുടിയേറ്റ തൊഴിലാളികളെ വീട്ടിലേക്ക് വിടേണ്ടതായിരുന്നു. പക്ഷേ, രോഗവ്യാപനം കൂടിയപ്പോഴായിരുന്നു കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക്. ഇത് ഗ്രാമീണ മേഖലകളിലെ രോഗവ്യാപനത്തിന് കാരണമാകും. ജില്ലാ അടിസ്ഥാനത്തിൽ രോഗവ്യാപനം നിയന്ത്രിക്കണം. രോഗവ്യാപനമുള്ള പ്രദേശങ്ങളെ കണ്ടെത്തി കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തി പൊതു ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും വിദഗ്ദ്ധർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *