അക്രമികളുടെ കേന്ദ്രമായി ശബരിമലയെ മാറ്റാന്‍ വ്യാമോഹിക്കേണ്ടെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: അക്രമികളുടെ കേന്ദ്രമായി ശബരിമലയെ മാറ്റാന്‍ പറ്റില്ലെന്നും ഏതെങ്കിലും ശക്തി അതിനു ശ്രമിക്കുന്നുണ്ടെങ്കില്‍ അവരതിനു വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമലയില്‍ ശാന്തിയും സമാധാനവും കൊണ്ടുവരണമെങ്കില്‍ ക്രിമിനലുകള്‍ അവിടെ കേന്ദ്രീകരിക്കാന്‍ പാടില്ല. അവരെ പുറത്താക്കി വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ ചെല്ലാനുള്ള സാഹചര്യം ഉണ്ടാകും. അതു സര്‍ക്കാരിന്റെ പ്രാഥമിക ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡ്യൂട്ടിയുടെ ഭാഗമായി ശബരിമലയിലെത്തിയ വനിതാ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവമുണ്ടായി. ഉദ്യോഗസ്ഥരെ തടയാന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഇറങ്ങിയെങ്കില്‍ ആവശ്യമായ പരിശോധന ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് ബഹളത്തിലൂടെ തിരുത്താനാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം. കോടതിവിധി എന്തായാലും അതു നടപ്പിലാക്കും എന്നാണ് സര്‍ക്കാര്‍ നയം. അതു കോടതിയില്‍ ബോധിപ്പിച്ചതാണ്. ഇതു സര്‍ക്കാരിന്റെ പ്രത്യേക നിലപാടല്ല. ഏതു സര്‍ക്കാരായാലും കോടതിവിധി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അതാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി പറഞ്ഞു. പരികര്‍മികള്‍ ക്ഷേത്രത്തിന് താഴെ പ്രതിഷേധം നടത്തി. സുപ്രീംകോടതി വിധിയെ അട്ടിമറിക്കാന്‍ നടത്തിയ ഈ നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രം തുറക്കാനും ദര്‍ശനത്തിനു ശേഷം അടയ്ക്കാനും അധികാരം ദേവസ്വം ബോര്‍ഡിനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തിരക്ക് കുറയ്ക്കാന്‍ മാസത്തിന്റെ ആദ്യ അഞ്ചു ദിവസം നട തുറക്കാന്‍ തീരുമാനിച്ചത്. തുറന്ന ക്ഷേത്രം എങ്ങനെ പ്രവര്‍ത്തിക്കണമെന്നു തന്ത്രിക്കു തീരുമാനിക്കാം. വിശ്വാസികളെ ക്ഷേത്രത്തില്‍ കടത്താതിരിക്കുക എന്നതല്ല. ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള സൗകര്യമൊരുക്കുകയെന്ന ഉത്തരവാദിത്തമാണ് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കുമുള്ളത്..

ശബരിമലയില്‍ ഇന്റലിജന്‍സ് വീഴ്ച ഉണ്ടായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ സമാധാനം നിലനിര്‍ത്തുന്നതില്‍ പൊലീസ് വിജയിച്ചു. നല്ല ഇടപെടലാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അവിടെവന്ന സ്ത്രീകളും പൊലീസ് നടപടിയെക്കുറിച്ച് നല്ലതു മാത്രമേ പറഞ്ഞിട്ടുള്ളൂ. ശബരിമല വിഷയത്തില്‍ നിയമസഭാ സമ്മേളനം വിളിക്കേണ്ട കാര്യമില്ല. ശബരിമലയില്‍ വരുന്നവരുടെ ഭക്തി പരിശോധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പനെ എതിര്‍ത്ത് ആരെങ്കിലും അവിടെ പോയാല്‍ അറിയാന്‍ കഴിയും. എന്നാല്‍, രൂപമോ ഭാവമോ നോക്കി ആര്‍ക്കെങ്കിലും ഭക്തി ഉണ്ടോയെന്നു പറയാന്‍ കഴിയില്ല. ഭക്തി മനസ്സില്‍ തോന്നേണ്ട കാര്യമാണ്. ശബരിമലയിലെ പ്രശ്‌നങ്ങളെല്ലാം നല്ല രീതിയില്‍തന്നെ തീരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

302.18 കോടി രൂപയാണ് ശബരിമലയ്ക്കായി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത്. ചിലര്‍ വ്യാജപ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് ഇതു പറയുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ പണത്തില്‍നിന്ന് ചില്ലിക്കാശ് എടുക്കുന്നില്ല. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. പന്തളം രാജ്യവും അവിടത്തെ എല്ലാ ആദായങ്ങളും ശബരിമലയിലെ നട വരവ് സഹിതം തിരുവിതാംകൂറിനു വിട്ടുനല്‍കിയതാണ്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ തിരുവിതാംകൂറിന്റെയും പിന്നീട് തിരുകൊച്ചിയുടെയും കേരളത്തിന്റെയും സ്വത്തായി. ക്ഷേത്രത്തിന്റെ ഏക അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. 1949 ലെ കവനന്റ് അനുസരിച്ച് ക്ഷേത്രത്തില്‍ അവകാശം ഉണ്ടെന്നു ചിലര്‍ പറയുന്നുണ്ട്. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ വി.പി. മേനോനുമാണ് സമിതിയില്‍ ഉണ്ടായിരുന്നത്. തിരുവിതാംകൂറും കൊച്ചിയും ലയിക്കാനും ഇരു സ്ഥലത്തെയും ക്ഷേത്രങ്ങള്‍ ബോര്‍ഡിനു കീഴില്‍ കൊണ്ടു വരാനും തീരുമാനിച്ചു. 50 ലക്ഷംരൂപ സര്‍ക്കാര്‍ തിരുവിതാംകൂര്‍ ബോര്‍ഡിനു നല്‍കണമെന്നായിരുന്നു വ്യവസ്ഥ. പന്തളം കൊട്ടാരം ഇതില്‍ കക്ഷിയായിരുന്നില്ല. തെറ്റായ അവാശവാദം ആരും ഉന്നയിക്കേണ്ടതില്ല. ഉത്സവകാലത്തെ ഉത്തരവാദിത്തങ്ങള്‍ പന്തളം കൊട്ടാരം തുടര്‍ന്നും നിറവേറ്റും. യാഥാര്‍ഥ്യം ജനങ്ങളെ അറിയിക്കുന്നതിനാണ് ഇതു പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിവിധി നടപ്പിലാക്കുമ്പോള്‍ത്തന്നെ വിശ്വാസത്തെ ബഹുമാനിക്കണമെന്ന നിലപാട് സര്‍ക്കാരിനുണ്ട്. ശബരിമല ഒരു ആരാധനാ സ്ഥലമാണ്, ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യം. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോകാം. സമാധാനപരമായി അവിടേക്കു പോകുന്നതിനു സൗകര്യം ഒരുക്കുകയെന്നതു സര്‍ക്കാരിന്റെ ചുമതലയാണ്. പ്രതിഷേധത്തിന്റെ പേരില്‍ പന്തല്‍ കെട്ടി ചിലര്‍ ശബരിമലയില്‍ സമരം നടത്തിയത് എല്ലാവരും കണ്ടതാണ്. അതിനും സര്‍ക്കാര്‍ എതിരു നിന്നില്ല. എന്നാല്‍ ആ സമരത്തിനു പുതിയ രീതികള്‍ വന്നു. ശബരിമലയില്‍ പോകുന്ന ഭക്തരെ പരിശോധിക്കുന്ന നിലയുണ്ടായി. ഇതു കഴിഞ്ഞു മാത്രമേ മലയ്ക്കു പോകാന്‍ പറ്റൂവെന്ന അവസ്ഥയുണ്ടായി. ഭക്തര്‍ക്കെതിരെയും മലയിലെത്തിയ യുവതികള്‍ക്കു നേരെയും അതിക്രമമുണ്ടായി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വലിയ തോതില്‍ അക്രമം നടന്നു. ഇതില്‍ കാണാന്‍ കഴിയുന്നത് ഒരു പുതിയ രീതിയാണ്. തങ്ങള്‍ പറയുന്നത് റിപ്പോര്‍ട്ട് ചെയ്യണം. അല്ലെങ്കില്‍ ആക്രമിക്കും എന്ന നിലപാട് പരസ്യമായി സ്വീകരിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടു. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഘപ്രവര്‍ത്തകരുടെ മുഖം എല്ലാവരും കണ്ടതാണ്. രാജ്യത്തു നിലനില്‍ക്കുന്ന മര്യാദകളെ ലംഘിച്ചു നിയമം കൈയിലെടുക്കുന്ന അവസ്ഥയിലേക്കു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി. ഇതോടെ ഭക്തര്‍ക്കു സുരക്ഷയൊരുക്കല്‍ പൊലീസിന്റെ ഉത്തരവാദിത്തമായി. ശബരിമലയിലെത്തിയ യുവതികള്‍ക്കെതിരെയും അവരുടെ വീടുകള്‍ക്കു നേരെയും ഒരേ സമയം അക്രമം ഉണ്ടാകുകയാണ്. ശബരിമലയില്‍ വരുന്ന സ്ത്രീകളുടെ വിവരങ്ങള്‍ നേരത്തെ മനസിലാക്കി കേരളത്തില്‍ എവിടെയാണെങ്കിലും അവരുടെ വീടിനു നേരെ ആക്രമണം നടത്താന്‍ സംഘപരിവാര്‍ പദ്ധതി തയാറാക്കി. സ്ത്രീകളുടെ നീക്കം അപ്പപ്പോള്‍ മനസിലാക്കി മറ്റു സംഘങ്ങള്‍ക്ക് വിവരമെത്തിച്ചു. ഇതൊക്കെ കാണിക്കുന്നത്, യാദൃച്ഛികമായല്ല ഇതൊക്കെ സംഭവിച്ചതെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രവും മലബാറിലെ ലോകനാര്‍ കാവ് ക്ഷേത്രവുമെല്ലാം പണ്ട് അടച്ചിരുന്നു. എന്നാല്‍ പിന്നീടു തുറക്കേണ്ടിവന്നു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയനേട്ടം കൊയ്യാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ച് സംസ്ഥാനത്തിനു കത്തയച്ചിരുന്നു. ബിജെപിയുടെ അജന്‍ഡയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംഘം കോണ്‍ഗ്രസിലുണ്ട്. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലെത്തിക്കും. യുവതീപ്രവേശ കേസില്‍ കക്ഷി ചേരാന്‍ ബിജെപിയോ കോണ്‍ഗ്രസോ തയാറായിരുന്നില്ല. കോടതിയില്‍ പ്രത്യക്ഷ നിലപാടു സ്വീകരിക്കാത്തവരാണ് ഇപ്പോള്‍ പ്രക്ഷോഭവുമായി ഇറങ്ങിയിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. സംഘപരിവാറിനൊപ്പംനിന്ന് സ്വയം തകരാനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്. മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *