ലോക്ക്ഡൗണ്‍ പരാജയമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല് ഘട്ടം പ്രഖ്യാപിച്ചിട്ടും ഫലം കണ്ടില്ല. കോവിഡിനെ നേരിടാന്‍ ഇനി എന്താണ് പദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി ചോദിച്ചു.

 

രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരായ രാഹുലിന്‍റെ വിമര്‍ശനം. രണ്ട് മാസമായി അടച്ചുപൂട്ടല്‍ തുടര്‍ന്നിട്ടും രോഗബാധ നിയന്ത്രിക്കാനായില്ല. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണ്. രോഗികളുടെ എണ്ണം കൂടുമ്ബോള്‍ എന്താണ് കേന്ദ്രസര്‍ക്കാരിന്‍റെ പ്ലാന്‍ ബി? അതിഥി തൊഴിലാളികളെയും സംസ്ഥാനങ്ങളെയും എങ്ങനെ സഹായിക്കാനാണ് ഉദ്ദേശിക്കുന്നത്? രാഹുല്‍ ഗാന്ധി ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജ് പര്യാപ്തമല്ല. അതിഥി തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ കൂടി. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുളള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നേരിട്ട് പണം നല്‍കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിവിധ മേഖലകളില്‍ പെട്ടവരുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച തുടരുകയാണ്. അതിഥി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഊബര്‍ ഡ്രൈവര്‍മാരെ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *