ഉത്ര കൊലപാതകം: പ്രതികളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: ഉത്ര കൊലക്കേസിലെ മുഖ്യപ്രതി സൂരജിനെയും കൂട്ടുപ്രതിയും പാമ്ബ് പിടിത്തക്കാരനുമായ സുരേഷിനെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

തെളിവെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചിരുന്നു. ഉത്രയെ കൊല്ലാനായി പാമ്ബിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍നിന്ന് കണ്ടെടുത്തു. കേസില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ്. അന്വേഷണസംഘത്തിനൊപ്പം ഫോറന്‍സിക് സംഘവും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യതെളിവുകളാണ് ഏറ്റവും പ്രധാനം അതുകൊണ്ടുതന്നെ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം.

സൂരജിനെ തെളിവെടുപ്പിനായി അഞ്ചല്‍ ഏറത്തെ വീട്ടിലെത്തിച്ചപ്പോള്‍ അതിവൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. സൂരജിനെ വീട്ടില്‍ കയറ്റാനാകില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ ബഹളംവെച്ചു. പുലര്‍ച്ചെ ആയതിനാല്‍ ആദ്യം നാട്ടുകാരും അയല്‍ക്കാരും പ്രതിയെ കൊണ്ടുവരുന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാല്‍ പൊലീസ് വാഹനങ്ങള്‍ എത്തിയതോടെ സമീപവാസികള്‍ തടിച്ചുകൂടി. പ്രതിക്കുനേരെ പലരും ആക്രോശിക്കുന്നുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *