അമിത വില ഈടാക്കിയ ഇറച്ചി കടകൾക്കെതിരെ നടപടി

അമിതമായി വില ഈടാക്കിയ മണക്കാടുള്ള രണ്ട് ഇറച്ചി കടകൾക്കെതിരെ കേസെടുത്തതായി ജില്ലാ കളക്ടർ അറിയിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിച്ച 64 കടകൾക്ക് നോട്ടീസ് നൽകി. ഇറച്ചിക്ക് അമിത വില ഈടാക്കുന്നതായ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം കളക്ടർ വില നിശ്ചയിച്ച് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാതെ കച്ചവടം നടത്തുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ  പരിശോധന നടത്തി.

ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ആകെ എത്തിയത് 4,416 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നുവരെ ആകെ 4,416 പേർ വന്നു. 2424 പുരുഷന്മാർ 1992 സ്ത്രീകൾ എന്നിവർ ഇതിലുൾപ്പെടും. തമിഴ് നാട്ടിൽ നിന്ന് 3919 പേരും കർണ്ണാടകയിൽ നിന്ന് 322, ഹരിയാന 1, ഡൽഹി 4,  രാജസ്ഥാൻ 2,  തെലുങ്കാന 21, പോണ്ടിച്ചേരി 50, ഗുജറാത്ത് 10, മഹാരാഷ്ട്ര 50, അസം 1,  മധ്യപ്രദേശ് 4, ഛത്തീസ്ഗർ 4, ബീഹാർ 1 ആന്ധ്രാപ്രദേശ് 26,  ഉത്തർപ്രദേശിൽ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 1576. ഇതിൽ 1307 പേരെ  വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  മറ്റുള്ളവർ  വിവിധ സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലാണ്.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:

തിരുവനന്തപുരം – 3464
കൊല്ലം- 297
പത്തനംതിട്ട – 96
കോട്ടയം – 107
ആലപ്പുഴ- 96
ഇടുക്കി- 32
എറണാകുളം -179
തൃശൂർ – 62
പാലക്കാട് – 22
മലപ്പുറം – 21
കോഴിക്കോട് – 24
വയനാട് -2
കണ്ണൂർ – 12
കാസർഗോഡ് -2

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (23.05.2020)

*ഇന്ന് ജില്ലയിൽ പുതുതായി  588 പേർ  രോഗനിരീക്ഷണത്തിലായി
101പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ  5039പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 21 പേരെ പ്രവേശിപ്പിച്ചു.
15പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ ആശുപത്രി കളിൽ    70 പേർ നിരീക്ഷണത്തിലുണ്ട്.

ഇന്ന്  129 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  128 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.

ജില്ലയിൽ 17 സ്ഥാപനങ്ങളിൽ ആയി  666 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ഇന്ന് പുതുതായി 31 പേരെ
വിവിധ സ്ഥാപനങ്ങളിലായി പ്രവേശിപ്പിച്ചു.

 

നാടിന്റെ ഒരുമയിലൂടെ ഏതു പ്രതിസന്ധിയെയും  അതിജീവിക്കും: മുഖ്യമന്ത്രി

കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാൻ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിയെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാകുന്ന രീതിയിൽ മാറ്റാൻ ശ്രമിക്കും. നാടിന്റെ ഒരുമയാണ് ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത്. ട്വിറ്റർ ഇന്ത്യ സംഘടിപ്പിച്ച  #AskTheCM എന്ന പരിപാടിയുടെ ആദ്യ എഡിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് കാലത്ത് സംസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ട്വിറ്ററിൽ ലൈവായി മറുപടി പറയുന്ന പരിപാടിയാണ്  #AskTheCM  എന്ന ട്വിറ്റർ ഇന്ത്യയുടെ സീരിസ്. ഇതിന്റെ ആദ്യ എഡിഷനാണ് കേരള മുഖ്യമന്ത്രി പങ്കെടുത്തു കൊണ്ട് തുടക്കമായത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും വരാനിരിക്കുന്ന വെല്ലുവിളികളെ സംബന്ധിച്ചും നിരവധി ചോദ്യങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നു. കോവിഡ് – 19 ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ തേടുന്നതിൽ കേരളം മുന്നിലാണ്. കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഭൂരിഭാഗവും വെളിയിൽ നിന്നും വരുന്നതാണ്. അവരെ ഒറ്റപ്പെടുത്തരുത്. അവർക്കുകൂടി അവകാശപ്പെട്ട മണ്ണാണിത്.  പ്രവാസികൾക്ക്  മാനസികമായ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശങ്ങളിലുള്ള മലയാളികളുടെ തിരിച്ചുവരവ്,  അവരുടെ തൊഴിൽ പ്രശ്നങ്ങൾ, മഴക്കാലവും കാലാവസ്ഥ വ്യതിയാനവും, പ്രകൃതിക്ഷോഭ സാധ്യതയെ കേരളം അഭിമുഖീകരിക്കാൻ സജ്ജമാകുന്നത്, കാർഷിക മേഖലയിലുണ്ടാകുന്ന ഇടപെടൽ, ലോക്ക് ഡൌൺ ഇളവുകളിലേക്കു പോവുമ്പോൾ സ്വീകരിക്കുന്ന മുൻ കരുതലുകൾ, പരീക്ഷ നടത്തിപ്പിനു വേണ്ടി സ്വീകരിച്ച നടപടികൾ തുടങ്ങി കേരളം നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ചും കേരള മോഡലുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
പി.എൻ.എക്സ്.1902/2020

സ്‌പെഷ്യൽ ട്രെയിൻ: സംസ്ഥാനത്തിന് മുൻകൂട്ടി വിവരം നൽകണം – മുഖ്യമന്ത്രി
കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ അയക്കുമ്പോൾ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ പേരും വിലാസവും ഫോൺനമ്പരും താമസിക്കാൻ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങൾ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കിൽ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് വലിയ തടസ്സമാകും. മുംബൈയിൽ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കിൽ മാത്രമേ യാത്രക്കാരുടെ ആരോഗ്യപരിശോധനക്കും അവരുടെ തുടർന്നുള്ള യാത്രക്കും ക്വാറൻറൈൻ ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പി.എൻ.എക്സ്.1903/2020

Leave a Reply

Your email address will not be published. Required fields are marked *