അടുത്ത മാസം സാധാരണയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത മാസം സാധാരണയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29 മുതല്‍ ജൂണ്‍ 4 വരെ 146.8 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂണ്‍ 12 മുതല്‍ 18 വരെ സാധാരണ മഴയേക്കാള്‍ 50% അധിക മഴയുണ്ടാകും.

തിരുവനന്തപുരം: അടുത്ത നാല് ആഴ്ചയിലേക്കുള്ള ദീര്‍ഘകാല മഴ പ്രവചനമാണ് കാലാവസ്ഥാ വകുപ്പ് നടത്തിയിരിക്കുന്നത്. മെയ് അവസാനത്തോടെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 28 വരെ 44.1 മില്ലീ മീറ്റര്‍ മഴയുണ്ടാകും. സാധാരണ മഴയേക്കാള്‍ 11 ശതമാനം അധിക മഴയാണ് ഇത്. മെയ് 29 മുതല്‍ ജൂണ്‍ നാല് വരെ മഴയുടെ ദീര്‍ഘകാല ശരാശരി 60.6 മില്ലിമീറ്ററാണ്. എന്നാല്‍ 146.8 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ജൂണ്‍ അഞ്ചോടെ കാലവര്‍ഷം സംസ്ഥാനത്ത് ശക്തിപ്രാപിക്കും. ജൂണ്‍ 05 മുതല്‍ ജൂണ്‍ 11 വരെ 69.2 മില്ലിമീറ്റര്‍ മഴയുണ്ടാകും. എന്നാല്‍ ജൂണ്‍ 12 മുതല്‍ ജൂണ്‍ 18 ശരാശരി 51.6 മില്ലിമീറ്ററാണ് ലഭിക്കേണ്ടത്. ഈക്കാലയളവില്‍ 77.2 മില്ലിമീറ്റര്‍ മഴയായിരിക്കും കേരളത്തില്‍ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. സാധാരണ മഴയേക്കാള്‍ 50% അധിക മഴയാണ് ഇത്. ഏതൊക്കെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടാകുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും അധിക മഴ മുന്നില്‍കണ്ട് ഒരുക്കങ്ങള്‍ നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *