ഉംപുന്‍ ചുഴലിക്കാറ്റില്‍ 72 മരണം; രണ്ടര ലക്ഷം രൂപ പ്രഖ്യാപിച്ച്‌ മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കനത്ത നാശനഷ്ടം വിതച്ച ഉംപുന്‍ ചുഴലിക്കാറ്റില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഒട്ടേറെ വീടുകള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ഭീതിക്കിടെ എത്തിയ ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ഇത്തരം ദുരന്തം ഇതിന് മുമ്ബുണ്ടായിട്ടില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കണം. സ്ഥിതിഗതികള്‍ വിലയിരുത്തണം. കനത്ത നാശമാണ് ബംഗാളിലുണ്ടായിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം ബംഗാള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

ഉംപുന്‍ ചുഴലിക്കാറ്റ് കടുത്ത നാശം വിതച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. മണിക്കൂറില്‍ 185 കിലോമീറ്ററിലാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റെത്തിയത്. രാജ്യം മൊത്തം ബംഗാളിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. കൊറോണ വൈറസിനേക്കാള്‍ വലിയ ആഘാതമാണ് ഉംപുന്‍ ചുഴലിക്കാറ്റ് കാരണമുണ്ടായിരിക്കുന്നതെന്ന് മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

1000 കോടിയുടെ അടിയന്തര ഫണ്ട് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണമെന്ന് മമത പറഞ്ഞു. എല്ലാ എംഎല്‍എമാരും മന്ത്രിമാരും അവരുടെ ജില്ലകളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നും അവര്‍ നിര്‍ദേശിച്ചു. നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലാണ് കനത്ത നാശനഷ്ടം. ഇവിടെ ശനിയാഴ്ച മമത ആകാശ മാര്‍ഗം സന്ദര്‍ശനം നടത്തും. വെള്ളിയാഴ്ച മൂന്ന് മണിക്ക് പ്രതിപക്ഷ പാര്‍ട്ടികളുമായി വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച നടത്താനും മമത തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ ബംഗാളിനെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *