കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ഏഴ് എണ്ണം. മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്കും പത്തനംതിട്ട, തിരുവനന്തപുരം, തൂശൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചപ്പോള്‍. കാസര്‍ഗോഡ്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ബാക്കിയുള്ള നാല് പേര്‍ ചികിത്സയിലുള്ളത്.

അതേസമയം ഇന്ന് അഞ്ച് പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 23 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ 12 പേര്‍ക്കു പുറമെ മഹാരാഷ്ട്രയില്‍ നിന്നുള്ള എട്ട് പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നും എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 666 ആയി. നിലവില്‍ 161 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 74398 ആയി വര്‍ധിച്ചു. 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ ഇതുവരെ 48543 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതില്‍ 46961ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍ നിന്നും 6090 സാമ്ബിളുകള്‍ പരിശോധച്ചതില്‍ 5728ഉം നെഗറ്റീവാണ്.

പ്രവാസികളുടെ മുന്നില്‍ ഒറു വാതിലും അടയ്ക്കപ്പെടുകയില്ല

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പത്തനംതിട്ട ജില്ലയിലെത്തിയ കുടുംബത്തിന്റെ ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവര്‍ ക്വറന്റൈനിന് വേണ്ടി തയ്യാറാക്കിയ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും അവര്‍ വന്ന വാഹനം റോഡില്‍ നിര്‍ത്തിയിട്ടത് പരിഭ്രാന്തി പരത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ പ്രവാസികളായ മലയാളികളെ പരിഗണിക്കുന്നില്ല എന്ന ദുഷ്‌പ്രചരണവും ചിലര്‍ നടത്തുന്നു.

പ്രവാസികളുടെ മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടുകയില്ലെന്നും പ്രവാസികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ നാട്ടിലെത്തി ഇവിടുത്തെ സുരക്ഷിതത്വം അനുഭവിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന് പുറത്തുള്ളവരെ തിരികെയെത്തിക്കാനുള്ള എല്ലാ ശ്രമത്തിനും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. എന്നാല്‍ ഇതിന് പ്രത്യേക ക്രമീകരണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ നടത്തും

അവശേഷിക്കുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചിരുന്നതുപോലെ മേയ് 26 മുതല്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി. ഇതിനുള്ള ടൈം ടേബിള്‍ നേരത്തെ പ്രസിദ്ധീകരിച്ചതാണെന്നും മുഖ്യമന്ത്രി. ആവശ്യമായ മുന്‍കരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കും. എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും.

ഹോം ക്വറന്റൈന്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം

നിലവിലെ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഗുരുതരമായ സാഹചര്യമാകും നേരിടേണ്ടി വരിക. കണ്ടെയ്മെന്റ് സോണില്‍ ഒരു ഇളവും നല്‍കിയിട്ടില്ല. കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുറത്ത് നിന്ന് എത്തുന്നവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കണം. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോണം എന്നതും അത്യാവശ്യമാണ്.

ഹോം ക്വറന്റൈന്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വാര്‍ഡ് തല സമിതി മുതല്‍ ഇതിന് വലിയ പങ്കുവഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *