മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

കൊച്ചി: മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകളാണ് ഇന്നു രാവിലെ തുറന്നത്. ആകെ ആറ് ഷട്ടറുകള്‍ ഉള്ളതില്‍ മൂന്ന് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. വേനല്‍ മഴ ശക്തമായതിനാലും മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചതിനാലുമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

41.5 മീറ്ററാണ് മലങ്കരയിലെ ഇപ്പോഴത്തെ ജലനിരപ്പ്. മൂലമറ്റം പവര്‍ ഹൗസില്‍ നിന്നുള്ള വെള്ളമൊഴുക്ക് കൂടാതെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഇതു മൂലം ഡാമിലെ ജലനിരപ്പ് നിലവിലേതില്‍ നിന്നും ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് എം.വി.ഐ.പി. (മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്‌ട് ) അധികൃതര്‍ അറിയിച്ചു. അതിനാല്‍ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.

മേയ് 19 വരെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷദ്വീപിലും മഴ ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്, 6 സെന്റിമീറ്റര്‍. കരിപ്പൂര്‍ എപി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നാല് സെന്റിമീറ്റര്‍ മഴയും കാഞ്ഞിരപ്പള്ളി, കോഴ, പിറവം എന്നീ സ്ഥലങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *