പാക്കേജ് വെറും 13 പൂജ്യങ്ങള്‍ മാത്രമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്നു മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് വെറും 13 പൂജ്യങ്ങള്‍ മാത്രമാണെന്നു തെളിഞ്ഞെന്ന് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച മൂന്നാംഘട്ട പ്രഖ്യാപനങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാക്കേജിലൂടെ ചില്ലിക്കാശ് പോലും കിട്ടിയിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

തട്ടിപ്പു വാഗ്ദാനങ്ങള്‍ നിറഞ്ഞതാണ് പാക്കേജെന്നും പ്രധാനമന്ത്രിയും ധനമന്ത്രിയും പിന്തുടരുന്ന അയഥാര്‍ഥ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രതിഫലനമാണിതെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി. ബജറ്റില്‍ പ്രഖ്യാപിച്ചതില്‍നിന്ന് എത്ര തുകയാണു കൂടുതല്‍ ചെലവഴിക്കുന്നതെന്ന ചോദ്യത്തിനു ധനമന്ത്രിക്കു മറുപടിയില്ല. കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. എന്നാല്‍ അവര്‍ക്കായി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും സുര്‍ജേവാല പറഞ്ഞു.

ആത്മനിര്‍ഭര്‍ കാര്‍ഷിക പാക്കേജ് നിരാശപ്പെടുത്തുന്നതണെന്ന് എന്‍സിപി മേധാവി ശരദ് പവാര്‍ പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ നഷ്ടം കണക്കിലെടുക്കാതെയുള്ള പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. കാര്‍ഷിക വായ്പകളില്‍ പലിശ ഒഴിവാക്കിയുള്ള മൊറട്ടോറിയത്തെക്കുറിച്ച് ഒരു തീരുമാനവും ഉണ്ടാകുന്നില്ലെന്നും പവാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *