മദ്യത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനം; സംസ്ഥാനത്ത് മദ്യത്തിന് 35% വരെ നികുതി

തിരുവനന്തപുരം: കോവിഡ് ബാധയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാനത്തു മദ്യത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനം. 10 ശതമാനം മുതൽ 35 ശതമാനംവരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. മദ്യം ബാറുകൾ വഴി പാഴ്സൽ‌ നൽകാൻ അനുവദിക്കുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായെന്നാണ് സൂചന.

നിലവിൽ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനം. ബിയറിന്റെ നികുതി 102 ശതമാനം. വിദേശ നിർമിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം. ബവ്റിജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത്.

2018–19 ബജറ്റിൽ സർചാർജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വിൽപ്പന നികുതി നിരക്ക് പരിഷ്ക്കരിച്ചിരുന്നു. 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളില്‍ വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും പരിഷ്ക്കരിച്ചു. 2019–20ലെ ബജറ്റിൽ ഈ നികുതി 2 ശതമാനം വർധിപ്പിച്ചു.

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ നിലവിലെ എക്സൈസ് ഡ്യൂട്ടി ഇങ്ങനെ: കെയ്സിന് 235രൂപയ്ക്ക് മുകളിലും 250രൂപയ്ക്ക് താഴെയുമുള്ള മദ്യത്തിന് വാങ്ങുന്ന വിലയുടെ 21%.,  250രൂപയ്ക്കും 300നും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 22.5%, 300രൂപയ്ക്കും 400രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 22.5%, 400രൂപയ്ക്കും 500രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 23.5%, 500രൂപയ്ക്കും 1000രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 23.5%, 1000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 23.5%.

Leave a Reply

Your email address will not be published. Required fields are marked *