ബാബറി മസ്ജിദ് കേസ്; അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിചാരണ ഓഗസ്ത് 31 നകം പൂര്‍ത്തിയാക്കണം

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസ് വിചാരണ ഓഗസ്റ്റ് 31ന് മുന്‍പ് പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രിംകോടതി.വിചാരണയ്ക്കായി വിഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിക്കാമെന്നും ലഖ്നൗ സിബിഐ കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ കോടതി സുപ്രീം കോടതിയ്ക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് പരമോന്നതി കോടതി സമയപരിധി നീട്ടുന്നത്.

ഒന്‍പത് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കഴിഞ്ഞവര്‍ഷം ജൂലായില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സമയപരിധി അവസാനിക്കാനിരിക്കേയാണ് ലോക്ക് ഡൗണ്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി സാവകാശം തേടിയത്. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പരിഗണിച്ചത്.

1992-ല്‍ ബാബറി മസ്ജിദ് പൊളിച്ചുനീക്കിയ കേസില്‍ വിചാരണ നേരിടുന്ന 32 പേരില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, സിറ്റിംഗ് എംപിമാരായ ബ്രിജ് ഭൂഷണ്‍ സിംഗ്, സാക്ഷി മഹാരാജ് എന്നിവരും ഉള്‍പ്പെടുന്നു.

1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ ശേഷം അയോധ്യയില്‍ രണ്ട് കേസുകളാണ് ഫയല്‍ ചെയ്തത് – ഒന്ന് ബാബറി മസ്ജിദ് പൊളിക്കാനുള്ള ഗൂഡാലോചനയുമായി ബന്ധപ്പെട്ടതും മറ്റൊന്ന് പള്ളി പൊളിക്കാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിനും. രണ്ട് കേസുകളിലും പ്രത്യേകമാണ് വിചാരണ നടന്നത്. ഗൂഡാലോചന കേസ് ലഖ്നൗവിലും രണ്ടാമത്തെ കേസ് റായ്ബറേലിയിലെ കോടതിയിലുമായിരുന്നു വിചാരണ നടന്നത്.

ലഖ്‌നൗ കോടതിയില്‍ വിചാരണ നേരിടുന്ന 22 പേരില്‍ ഒരാള്‍ മരിച്ചു. പവന്‍ പാണ്ഡെ, ബ്രിജ് ഭൂഷണ്‍ സിംഗ്, ആര്‍ എന്‍ ശ്രീവാസ്തവ, ലല്ലു സിംഗ്, സാക്ഷി മഹാരാജ് എന്നിവരാണ് ബാക്കി 21 പ്രതികളില്‍ പ്രധാനികള്‍.

റായ് ബറേലി, ലഖ്‌നൗ കോടതികളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേസുകള്‍ 2017 ല്‍ സുപ്രീം കോടതി ഒരുമിച്ച്‌ ചേര്‍ത്ത് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റി, ദൈനംദിന വിചാരണ നടത്താന്‍ ജഡ്ജിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കിയ 13 പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ പുന സ്ഥാപിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ബിജെപി നേതാവും മുന്‍ എംപിയുമായ ബൈകുന്ത് ലാല്‍ ശര്‍മ ഉള്‍പ്പെടെ 13 പ്രതികളില്‍ ഏഴുപേര്‍ മരിച്ചു.രാം വിലാസ് വേദന്തി, ചമ്ബത് റായ്, മഹാന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാന്ത് ധരം ദാസ്, സതീഷ് പ്രധാന്‍, അന്നത്തെ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഗ് എന്നിവരാണ് ഇപ്പോള്‍ വിചാരണ നേരിടുന്ന മറ്റുള്ളവര്‍.

Leave a Reply

Your email address will not be published. Required fields are marked *