രാജ്യത്തെ കോവിഡ് പോരാളികള്‍ക്ക് അഭിനന്ദനവും ആദരവും : പ്രധാനമന്ത്രി

ന്യൂഡൽഹ: രാജ്യത്തെ കോവിഡ് മുന്നണിപ്പോരാളികൾ അഭിനന്ദനവും ആദരവും അർഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോക്ഡൗണിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരവധി പേര്‍ നമുക്കു ചുറ്റുമുണ്ട്. ക്രമസമാധാന പാലനം, രോഗികളെ ചികിത്സിക്കൽ, ശുചീകരണം എന്നീ ജോലികൾ ചെയ്യുന്നവരെല്ലാം സ്വന്തം സുഖം ത്യജിച്ചാണു ജോലിയിൽ ഏർപ്പെടുന്നത്. ഇവരെല്ലാം ആദരവിന് അർഹരാണ്. വിഷമമേറിയ ഘട്ടത്തില്‍നിന്നു മോചനം ഉറപ്പെന്നും ബുദ്ധപൂർണിമ ദിനത്തോട് അനുബന്ധിച്ചുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ജീവിത യാത്രയിലൂടെ ബുദ്ധൻ സ്വന്തം ജീവിതം പ്രകാശമയമാക്കുകയും മറ്റുള്ളവര്‍ക്കും അതു നൽകുകയും ചെയ്തു. പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള ബുദ്ധ സന്ദേശങ്ങളാണ് ഇന്ത്യന്‍ സംസ്കാരത്തെ നയിച്ചത്. ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉന്നതിക്കായി ബുദ്ധൻ സംഭാവനകൾ നൽകി. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ബുദ്ധപൂർണിമ പരിപാടികളിൽ നേരിട്ടു പങ്കെടുക്കാൻ സാധിക്കില്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ വിവേചനങ്ങളൊന്നുമില്ലാതെ എല്ലാവരെയും പിന്തുണയ്ക്കാൻ വേണ്ടി നിൽക്കുകയാണ്. രാജ്യത്തിന്റെ ഭാഗങ്ങളിലും ലോകത്തിലും പ്രശ്നങ്ങളും ആവശ്യങ്ങളും ഉള്ളവരോടൊപ്പം ഇന്ത്യയുണ്ട്. ഇന്ത്യ എക്കാലവും മറ്റു രാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്. ഇനിയും അതു തുടരും. ക്ഷീണിച്ചു കഴിഞ്ഞാല്‍ നിര്‍ത്തുന്നത് ഒരു പ്രശ്നത്തിനും പരിഹാരമല്ല. കൊറോണയെ തോൽപിക്കാൻ എല്ലാവരും ഒരുമിച്ചു പോരാടുകയാണു വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *