പി.ആര്‍.ഡി പത്രക്കുറിപ്പ്‌

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിൽ പൂജ, വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ, വഴിപാടുകൾ എന്നിവ ബുക്ക് ചെയ്യാനും അന്നദാന സംഭാവന, ഇ-കാണിക്ക എന്നിവ അർപ്പിക്കാനും സൗകര്യം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ക്ഷേത്രത്തിൽ നേരത്തെ തന്നെ ഈ സൗകര്യങ്ങളുണ്ട്.  www.onlinetdb.com എന്ന വെബ്സൈറ്റ് മുഖേനയാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യമുള്ളത്.
കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി ഭക്തർക്ക് നിലവിൽ ക്ഷേത്രങ്ങളിൽ പ്രവേശനം ഇല്ലാത്തതാണെങ്കിലും ക്ഷേത്രങ്ങളിൽ ആചാര പ്രകാരമുള്ള പൂജ ചടങ്ങുകൾ തടസ്സം കൂടാതെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള മേജർ ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ, വഴിപാടുകൾ എന്നിവ ഭക്തർക്ക് ബുക്ക് ചെയ്ത് നടത്തിക്കാനുള്ള സൗകര്യം ബോർഡ് ഏർപ്പെടുത്തിയത്.
ശബരിമല കൂടാതെ മേജർ ക്ഷേത്രങ്ങളായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ആറൻമുള പാർത്ഥസാരഥി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പമ്പാ ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം തുടങ്ങിയ 27 മേജർ ക്ഷേത്രങ്ങളിൽ ഓൺലൈനായി ഭക്തർക്ക് വഴിപാടുകൾ ബുക്ക് ചെയ്യാം. ശബരിമലയിലേക്കുള്ള അന്നദാന സംഭാവനകൾക്ക് ഭക്തർക്ക് ആദായ നികുതി ഇളവും ലഭ്യമാകും.
പി.എൻ.എക്സ്.1687/2020

ജെ.ഡി.സി പ്രവേശനം: അപേക്ഷാ തീയതി നീട്ടി
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുളള സഹകരണ പരിശീലന കേന്ദ്രങ്ങളിലെ / കോളേജുകളിലെ 2020-21 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) പ്രവേശനത്തിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി 23ന് വൈകുന്നേരം അഞ്ച് മണിവരെ നീട്ടി.
പി.എൻ.എക്സ്.1688/2020
ജീവനക്കാരുടെ വിന്യാസം: സർക്കുലർ പുതുക്കി ഉത്തരവായി
സംസ്ഥാനത്ത് കോവിഡ്-19 നിർവ്യാപന/പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ കാലയളവിൽ സർക്കാർ ഓഫീസുകൾ/സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനവും ജീവനക്കാരുടെ വിന്യാസവും സംബന്ധിച്ച നിർദേശങ്ങളിൽ പരമാവധി ഒഴിവാക്കി നിർത്തേണ്ട ജീവനക്കാരുടെ വിഭാഗത്തിൽ ഓട്ടിസം/സെറിബ്രൽ പാൾസി മറ്റു മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷകർത്താക്കളായ ജീവനക്കാരെ കൂടി ഉൾപ്പെടുത്തി സർക്കുലർ പുതുക്കി ഉത്തരവായി.
പി.എൻ.എക്സ്.1689/2020

സംയോജിത കൃഷി: ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് ഏഴിന്
സംയോജിത കൃഷി വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (മേയ് 7) വൈകിട്ട് മൂന്നുമണി മുതൽ നാലുവരെയാണ് പരിപാടി. സംയോജിത കൃഷി രീതികൾ, ഇതിന് അനുവർത്തിക്കേണ്ട മാർഗ്ഗങ്ങൾ, വിത്ത് തയ്യാറാക്കൽ, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിശദമായ സംശയനിവാരണം ഫേസ്ബുക്ക് ലൈവിലൂടെ നൽകും.
ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ, കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷനിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരുമായ ഡോ.ജേക്കബ് ജോൺ, ഡോ.സജീന എ, ഹിരോഷ് കുമാർ കെ.എസ്, ഹരിതകേരളം മിഷനിലെ കൃഷി ഉപമിഷൻ കൺസൾട്ടന്റ് എസ്.യു.സഞ്ജീവ്, ടെക്‌നിക്കൽ ഓഫീസർ ഹരിപ്രിയാദേവി വി.വി. എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. www.facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാം.
പി.എൻ.എക്സ്.1690/2020

 
 
എം.ബി.എയ്ക്ക് ഓൺലൈനിൽ അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ (ഫുൾ ടൈം) 2020-22 ബാച്ചിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ മാർക്കറ്റിംഗ്, ഫിനാൻസ്, ഹ്യൂമൺ റിസോഴ്‌സ് തുടങ്ങിയവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് ഫീസ് ഇളവും സംവരണവും ലഭിക്കും.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഓൺലൈനായി www.kicmakerala.in ൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി മെയ് 15. കൂടുതൽ വിവരങ്ങൾക്ക് 8547618290.
പി.എൻ.എക്സ്.1691/2020

നിരാമയ ഇൻഷുറൻസ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം
2020-21 വർഷത്തേയ്ക്കുള്ള നിരാമയ ഇൻഷുറൻസ് കാർഡുകൾ നാഷണൽ ട്രസ്റ്റിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. www.thenationaltrust.gov.in എന്ന സൈറ്റിന്റെ ഹോം പേജിൽ നിരാമയകാർഡിൽ ക്ലിക്ക് ചെയ്തു കിട്ടുന്ന പേജിൽ നിങ്ങളുടെ പഴയ കാർഡിലെ ആപ്പ് ഐ.ഡി. നമ്പർ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്താൽ 2020-21 ലേയ്ക്കുള്ള നിരാമയ കാർഡ് ലഭ്യമാകും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അർഹതപ്പെട്ട ചികിത്സാ സഹായം ഗുണഭോക്താക്കൾ ഉറപ്പാക്കണമെന്ന് സാമൂഹ്യനീതി ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.1692/2020

ചിത്രാഞ്ജലി സ്റ്റുഡിയോയും കെ.എസ്.എഫ്.ഡി.സി തീയറ്ററുകളും അണുവിമുക്തമാക്കി
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) തിരുവനന്തപുരത്തെ യൂണിറ്റുകളായ കലാഭവൻ തീയറ്റർ, കൈരളി/ നിള/ ശ്രീ, ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിൽ കോവിഡ് 19 നെ തുടർന്ന് അണുനശീകരണം നടത്തി. തിരുവനന്തപുരം കോർപ്പറേഷന്റെ ഫ്യൂമിഗേഷൻ യൂണിറ്റാണ് അണുനശീകരിച്ചത്.
സർക്കാർ നിർദ്ദേശ പ്രകാരം സിനിമാ നിർമ്മാണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിർവഹിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് ചിത്രഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കി പ്രവർത്തനസജ്ജമാക്കിയത്.
പി.എൻ.എക്സ്.1693/2020

അടൂർ ഗോപാലകൃഷ്ണനെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചു
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്‌സിന്റെ അധ്യക്ഷനായി നിയമിച്ച് സർക്കാർ ഉത്തരവായി. നിലവിലുള്ള ചെയർമാൻ ആർ. ഹരികുമാറിന്റെ നിയമനക്കാലയളവ് പൂർത്തിയായതിനെ തുടർന്നാണ് പുതിയ നിയമനം.
സിനിമാ ദൃശ്യകലാ രംഗങ്ങളിലെ പരിശീലനത്തിനും പഠന ഗവേഷണങ്ങൾക്കുമായി കേരള സർക്കാർ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി അടൂർ ഗോപാലകൃഷ്ണൻ സ്ഥാനമേൽക്കുന്നതിലൂടെ സ്ഥാപനം ആദരിക്കപ്പെട്ടിരിക്കുന്നുവെന്നും, സ്ഥാപനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള നർണായക ചുവടുവയ്പ്പാണിതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ അറിയിച്ചു.
പി.എൻ.എക്സ്.1694/2020

Leave a Reply

Your email address will not be published. Required fields are marked *