ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തന്ത്രി കുടുംബത്തെയും രാജ കുടുംബത്തെയും പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രിമാരുടെ നടപടി അംഗീകരിക്കാനാകിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശബരിമലയില്‍ സംഭവിക്കുന്നതിനൊക്കെ ഉത്തരവാദി സര്‍ക്കാരാണ്. പൊലീസ് നടപടിയും കാര്യക്ഷമമല്ല.  കേന്ദ്ര സര്‍ക്കാരിനാണ് നിയമ നിര്‍മാണത്തിന് സാധ്യത ഉള്ളത്. അതു സൗകര്യപൂര്‍വം ശ്രീധരന്‍ പിള്ള മറക്കുന്നു.സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം ഓര്‍ഡിനന്‍സ് എന്ന ബി ജെ പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ ഭരണഘടന അറിയാത്തതു കൊണ്ടാണെന്നും ഈ വാദം നിലനില്‍ക്കുന്നതല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.  പ്രത്യേക നിയമ സഭ സമ്മേളനം വിളിക്കേണ്ട കാര്യമില്ല. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്. രാഷ്ട്രീയം കളിക്കുന്നത് ബി ജെ പിയും സി പി എമ്മുമാണെന്നും ദേവസ്വം ബോര്‍ഡ് വിശ്വാസികളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സോളാറില്‍ വീണ്ടും കേസെടുത്തത് മുഖം നഷ്ടപ്പെട്ട സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കംമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. നിറവും മണവും നഷ്ടപെട്ട പഴയ കേസുകള്‍ പൊടി തട്ടി എടുത്തു യു ഡി എഫിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും അതു വിലപോകില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *