കേരളത്തിന്റെ മുന്‍ഗണനാ പട്ടിക കേന്ദ്രം തള്ളി; തിരിച്ചു വരുന്നത് 80,000 പേര്‍ മാത്രം

തിരുവനന്തപുരം: വിദേശത്തു നിന്ന് വളരെ കുറച്ചു പേരെയെ കൊണ്ടുവരൂ എന്ന് സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരിച്ചു വരുന്നത് 80000 പേര്‍ മാത്രമെന്നാണ് സൂചന. ലഭിച്ച വിവരം അനുസരിച്ച്‌ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഇന്ത്യ ഗവണ്മെന്‍്റ് ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80000 പേരെയാണെന്നും ഒരു വിവരമുണ്ട്. പക്ഷേ, അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് അനുസരിച്ച്‌ 169136 പേര്‍ വരും. തിരിച്ചു വരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 442000 പേരാണ്. നമ്മള്‍ മുന്‍ഗണന കണക്കാക്കിയത് തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കി കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക് ഡൗണിന്‍്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന കുട്ടികള്‍, വിസിറ്റ് വീസയില്‍ പോയി കാലാവധി കഴിഞ്ഞവര്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരാണ്. ഇത് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നമ്മുടെ ആവശ്യം ആദ്യ ഘട്ടത്തില്‍ തന്നെ ഇവരെ നാട്ടിലെത്തിക്കണം എന്നാണ്. അത് കേന്ദ്രം അനുവദിച്ചിട്ടില്ല. സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഗവണ്മെന്‍്റിനും ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറണം. പക്ഷേ, വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം വിദേശകാര്യ മന്ത്രാലയവും എംബസികളും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം നേരത്തെ തന്നെ ഔദ്യോഗിക തലത്തില്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

ആരേയുംനേരെ വീട്ടിലേക്കയക്കില്ല. വിദേശത്തുനിന്നുവരുന്ന എല്ലാവരും ഏഴുദിവസം ക്വാറന്റീനില്‍ കഴിയണം. ആരേയും നേരേ വീടുകളിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴാംദിവസം പിസിആര്‍ ടെസ്റ്റ് നടത്തും. ഫലം പോസിറ്റിവ് ആയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രവാസികളെ എത്തിക്കില്ല. കണ്ണൂരിനെ ഒഴിവാക്കയതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *