താനിരിക്കുന്ന കസേരയെക്കുറിച്ച്‌ നല്ല ബോധ്യമുണ്ട്; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് കെപിസിസി നല്‍കാമെന്ന വാഗ്ദാനവിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി.

അവരുടെ കൈയില്‍ പൈസയില്ലെന്ന് പറഞ്ഞിട്ടില്ല. അവരുടെ കൈയിലുള്ള പൈസ അവരുടെ കൈയില്‍ തന്നെ നില്‍ക്കട്ടെയെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നം കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ അതില്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

ഇക്കാര്യം തന്റെ വ്യക്തിപരമായി പ്രശ്‌നമല്ലാത്തതിനാല്‍ ദുരഭിമാനത്തിന്റെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനമുന്നയിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്ള മറുപടിയും മുഖ്യമന്ത്രി നല്‍കി. താനിരിക്കുന്ന കസേരയെക്കുറിച്ച്‌ നല്ല ബോധ്യമുണ്ട്. താനിരിക്കുന്ന കസേരയുടെ മഹിമ അറിയാം. അതുകൊണ്ട് അധികമൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, മുഖ്യമന്ത്രിക്കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറാന്‍ പിണറായി ശ്രമിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് മടക്കത്തിനുളള ടിക്കറ്റ് തുക നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ തികഞ്ഞ പരിഹാസത്തോടെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ സ്വഭാവം ഒട്ടും മാറിയിട്ടില്ല എന്നതിന് തെളിവാണിത്. സംസ്ഥാനത്തെ ഇപ്പോഴുള്ള സാമ്ബത്തിക പ്രതിസന്ധിയുടെ കാരണം സര്‍ക്കാരിന്‍റെ ധൂര്‍ത്താണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

അതിഥി തൊഴിലാളികള്‍ക്കുള്ള പണം നല്‍കാനെത്തിയ കോണ്‍ഗ്രസുകാരോട് തിരുവനന്തപുരം കളക്ടറും തികച്ചും മോശമായാണ് പെരുമാറിയത്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളിലും കളക്ടര്‍മാര്‍ തുക വാങ്ങിയില്ല. എന്തുകൊണ്ട് തുക വാങ്ങുന്നില്ല എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നല്‍കിയ അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നേരത്തെ ആലപ്പുഴ, എറണാകുളം കളക്ടര്‍മാര്‍ നിരസിച്ചിരുന്നു. പണം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്നാണ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *