കിം ജോങ് ഉൻ ഫാക്ടറി ഉദ്ഘാടനത്തിനെത്തി

പ്യോങ്യാങ് : ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉൻ വീണ്ടും പൊതുവേദിയിൽ. ദ് കൊറിയൻ സെൻട്രൻ ന്യൂസ് ഏജൻസിയാണ് (കെസിഎൻഎ) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സൻചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് സൂചന.

കഴിഞ്ഞ രണ്ടാഴ്ചയിലേറേയായി കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പരക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് പൊതുവേദിയിലെ പ്രത്യക്ഷപ്പെടൽ. വെള്ളിയാഴ്ച നടന്ന പരിപാടിയിലേക്ക് കിം വന്നപ്പോൾ പങ്കെടുത്തവരെല്ലാം ആഹ്ലാദത്തോടെ ഹർഷാരവം മുഴക്കിയെന്നു കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു. കിം വളം ഫാക്ടറി പരിശോധിക്കുകയും ഉൽപാദന പ്രക്രിയകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ആധുനിക ഫോസ്ഫറ്റിക് വളം ഫാക്ടറി നിർമിച്ചുവന്ന വാർത്ത കേട്ടാൽ തന്റെ മുത്തച്ഛൻ കിം ഇൽ സുങ്ങും പിതാവ് കിം ജോങ് ഇല്ലും വളരെയധികം സന്തോഷിക്കുമെന്ന് കിം വൈകാരികമായി പ്രതികരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കിമ്മിന്റെ സഹോദരി കിം യോ ജാങ് ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിന്റെ ചിത്രങ്ങളും ഏജൻസി പുറത്തുവിട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *