സംസ്ഥാനത്ത് 10 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 പേർക്ക് രോഗം ഭേദമായി. കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ടു പേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നു രോഗം ബാധിച്ചതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കാസര്‍കോട് ദൃശ്യമാധ്യമപ്രവര്‍ത്തകനും രോഗബാധയുണ്ടായിട്ടുണ്ട്. കൊല്ലത്തുള്ള 5 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം വന്നത്. സംസ്ഥാനത്ത് ആകെ 123 പേരാണ് ചികിത്സയിലുള്ളത്.

തിരുവനന്തപുരത്ത്‌ നെയ്യാറ്റിൻകര സ്വദേശിയായ 48 കാരനും മേലേപ്പാല സ്വദേശിയായ 68 വയസുള്ളയാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  രോഗം വന്നതെങ്ങനെയെന്ന് വ്യക്തമല്ല. നെയ്യാറ്റിൻകര ആശുപത്രിയിൽ രോഗലക്ഷണങ്ങളുമായി പ്രവേശിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കൊല്ലത്ത് രോഗം ബാധിച്ച ഒരാൾ ആന്ധ്രയിൽനിന്നും തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽനിന്നും വന്നതാണ്. കാസർകോട് രണ്ടുപേർക്കു സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. കണ്ണൂരും കോഴിക്കോടും കാസർകോടും മൂന്ന് പേർക്ക് വീതവും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം നെഗറ്റീവായത്‌.

ഇതുവരെ 24952 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 23880 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. പുനഃപരിശോധനയ്ക്ക് അയച്ച ഇടുക്കിയിലെ 3 പേരുടെ  ഉൾപ്പെടെയുള്ള 25 സാംപിളുകളുടെ റിസൾട്ട് വന്നിട്ടില്ല. ഹോട്ട്  സ്പോട്ടിൽ ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളെ ഉൾപ്പെടുത്തി. ഇപ്പോൾ 102 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇതിൽ 28 എണ്ണം കണ്ണൂരിലാണ്. ഇടുക്കിയിൽ 15 ഹോട്ട് സ്പോട്ടുകളുണ്ട്.

കണ്ണൂർ ജില്ലയിൽ 47പേർ ചികിൽസയിലുണ്ട്. കോട്ടയം 18, കൊല്ലം 15 ഇടുക്കി 14, കാസർകോട് 13, തിരുവനന്തപുരം 2, പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് 5 എന്നിങ്ങനെയാണ് ചികിൽസയിലുള്ളവരുടെ എണ്ണം. തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിൽ രോഗികളില്ല. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേർക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീട്ടിലും 518 പേർ ആശുപത്രിയിലുമാണ്.

സംസ്ഥാനത്ത് അസാധാരണ സാമ്പത്തിക പ്രതിസന്ധിയാണുള്ളത്. വരുമാനം ഗണ്യമായി ഇടിഞ്ഞു. പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളിലൊന്ന് എന്ന നിലയിൽ സ‍ർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് മാസത്തേക്ക്‌ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

തരിശുഭൂമി പൂർണമായി ഉപയോഗപ്പെടുത്തി കൃഷിയിറക്കാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള കൃഷിവകുപ്പിന്റെ പദ്ധതി അടുത്തമാസം മുതൽ നടപ്പിൽവരും. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയാവും ഇത്. കന്നുകാലി സമ്പത്തിന്റെ വർധന. പാല്, മുട്ട ഉൽപാദന വർധന, മൽസ്യക്കൃഷി വർധന എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടും. തദ്ദേശ സ്ഥാപനങ്ങൾ ഇതനുസരിച്ച് വാർഷിക പദ്ധതിയിൽ മാറ്റം വരുത്തും

എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന തുകയിലും ഓണറേറിയത്തിലും കുറവ് വരുത്തും. കോവിഡിന്‍റെ  സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് വാർഡ് വിഭജനം നടത്തണം. പക്ഷേ കോവിഡിന്‍റെ  സാഹചര്യത്തിൽ അതു നടക്കില്ല. അതിനാൽ നിലവിലുള്ള വാർഡുകൾ വച്ച് തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് സർക്കാരിന്‍റെ നിലപാട്.

 

Leave a Reply

Your email address will not be published. Required fields are marked *