എറണാകുളത്ത്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍

കൊച്ചി: കൊവിഡിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലയില്‍ ഇന്ന്‍ മുതലാണ് ഭാഗിക നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. പ്രധാനമായും ആരോഗ്യ, കാര്‍ഷിക മേഖലകളിലാണ് ഇളവുകള്‍. മത്സ്യബന്ധനം, പ്ലാന്റേഷന്‍, സാമ്ബത്തികം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകള്‍ക്കും ഇളവുകളുണ്ട്. അ‌തേസമയം, പൊതു ഗതാഗതം സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയറ്ററുകളും പ്രവര്‍ത്തിക്കില്ല. ആരാധന ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തുചേരുന്ന ഒരു പരിപാടിയും അ‌നുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 ല്‍ അധികം ആളുകള്‍ ഉണ്ടാകാന്‍ പാടില്ല. ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല.

ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കാം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം രാത്രി എട്ടു വരെ തന്നെയായി തുടരും. വസ്ത്ര വ്യവസായത്തിന് ഇളവ് നല്‍കിയിട്ടുണ്ട്. വര്‍ക്ക് ഷോപ്പുകള്‍, ഇലക്‌ട്രിക്കല്‍, ഇലക്ടോണിക് ഉപകരണങ്ങളുടെയും മഷിനറി കളുടെയും റിപ്പയറിംഗ് ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. കൊറിയര്‍ സര്‍വീസുകളുമുണ്ടാകും. അ‌ക്ഷയകേന്ദ്രങ്ങള്‍ തുറക്കും. സര്‍ക്കാര്‍ ഓഫീസുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങളും പുറത്തിറക്കാനാകും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ നമ്ബര്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, ഇരട്ട സംഖ്യ എന്നിവയില്‍ നമ്ബര്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങളും പുറത്തിറക്കാം.

എന്നാല്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. കാരണമില്ലാതെ ജില്ലാ അതിര്‍ത്തിക്ക് പുറത്തേക്ക് പോകാനാവില്ല. നാലു ചക്രവാഹനങ്ങളില്‍ ഡ്രെെവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ക്കും മാത്രമാണ് യാത്ര. യാത്രക്കാര്‍ മാസ്കുകള്‍ നിര്‍ബന്ധമായും ധരിക്കണം. രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, പഠന സാംസ്കാരിക മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുകൂടുന്ന മറ്റ് പരിപാടികളും ഒഴിവാക്കണം. ആരാധനാലയങ്ങള്‍ അടച്ചിടും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20 ല്‍ അധികം ആളുകള്‍ ഉണ്ടാകാന്‍ പാടില്ല. ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിടണമെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

വെറ്ററിനറി ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ക്ലിനിക്കുകള്‍, പതോളജി ലാബുകള്‍ , മരുന്നുകളുടെയും വാക്സിനുകളുടെയും വിതരണം, വില്‍പന, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോം കെയര്‍ പ്രൊവൈഡര്‍മാര്‍ അടക്കമുള്ള അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാം. മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ അതായത് മത്സ്യ തീറ്റ നിര്‍മ്മാണം, മീന്‍ പിടുത്തം, സംസ്കരണം, പാക്കിംഗ്, കോള്‍ഡ് ചെയ്ന്‍, വിപണനം എന്നിവക്ക് പ്രവര്‍ത്തിക്കാം. ഹാച്ചറികള്‍, മത്സ്യ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍, വ്യാവസായിക അക്വാറിയകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം. മത്സ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ( മത്സ്യ കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പ്രവര്‍ത്തികള്‍ ) ജോലി ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *