ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം തടവ്, 5 ലക്ഷം പിഴ

ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ അക്രമം തടയാനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 1897 ലെ പകർച്ചവ്യാധി നിയമഭേദഗതി ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ അത് ഇനി മുതൽ ജാമ്യം ലഭിക്കാത്ത കുറ്റമാകും. ആരോഗ്യപ്രവർത്തകരെ ഗുരുതരമായി പരുക്കേൽപ്പിച്ചാൽ ആറുമാസം മുതൽ എഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴശിക്ഷയ്ക്കും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.

ആക്രമണത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കിൽ  മൂന്നു മാസം മുതൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇവർക്ക് 50000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴ ലഭിക്കാം. 30 ദിവസത്തിനികം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം. ആരോഗ്യ പ്രവർത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾക്കു നാശനഷ്ടം വരുത്തിയാൽ വാഹനത്തിന്റെ മാർക്കറ്റ് വിലയുടെ ഇരട്ടി കുറ്റക്കാരിൽ നിന്ന് ഈടാക്കും.

ഓർഡിനൻസിനു അംഗീകാരം നൽകിയതോടെ അക്രമങ്ങൾക്കെതിരെ ഡോക്ടർമാർ നടത്താനിരുന്ന പ്രതിഷേധം പിൻവലിച്ചു. ആയുഷാമൻ ഭാരത് പദ്ധതിയിൽപെടുത്തി കോവിഡ് ചികിത്സ സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികൾക്കും ഇത് ബാധകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *