സൗജന്യ കിറ്റ് വിതരണത്തിന്റെ രണ്ടാംഘട്ടം 27 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പുനഃക്രമീകരിച്ചു. റേഷന്‍ കടകളിലെ തിരക്ക് കാരണം 27ന് ആരംഭിക്കുന്ന വിധത്തിലാണു പുനഃക്രമീകരിച്ചത്.
പിങ്ക് റേഷന്‍ കാര്‍ഡിന്റെ അവസാനത്തെ അക്കങ്ങള്‍ യഥാക്രമം പൂജ്യം വരുന്നവര്‍ക്ക് ഏപ്രില്‍ 27, ഒന്നു വരുന്നവര്‍ക്ക് 28, രണ്ടു വരുന്നവര്‍ക്ക് 29, മൂന്നു വരുന്നവര്‍ക്ക് 30, നാലു വരുന്നവര്‍ക്ക് മേയ് 2, അഞ്ചു വരുന്നവര്‍ക്ക് 3, ആറു വരുന്നവര്‍ക്ക് 4, ഏഴു വരുന്നവര്‍ക്ക് 5, എട്ടു വരുന്നവര്‍ക്ക് 6, ഒന്‍പതു വരുന്നവര്‍ക്ക് മേയ് 7 എന്ന ക്രമത്തില്‍ വിതരണം ചെയ്യും. പിങ്ക് കാര്‍ഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. അതിനുശേഷമായിരിക്കും മറ്റു കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യുക. വിതരണം ആരംഭിച്ച തിങ്കളാഴ്ച 2.25 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി. ഇതിന്റെ തിരക്ക് പരിഗണിച്ചാണ് കിറ്റ് വിതരണം മാറ്റിവച്ചത്.
പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍) സൗജന്യ അരി വിതരണം മുന്‍ നിശ്ചയിച്ച പ്രകാരം തുടരും.