രാഷ്ട്രപതി ഭവന്‍ കോംപ്ലക്‌സിലെ 125 വീടുകളെ ഐസൊലേറ്റ് ചെയ്തു

രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം തുടരുന്നതിനിടെ രാഷ്ട്രപതി ഭവനും കൊവിഡ് ഭീതിയില്‍. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ ബന്ധുവിന് കൊവിഡ് 19 കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. രാഷ്ട്രപതി ഭവന്‍ കെട്ടിട സമുച്ചയിലാണ് ഈ ജീവനക്കാരി താമസിച്ചിരുന്നത് എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.

ഇതോടെ രാഷ്ട്രപതി ഭവന്‍ സമുച്ചയത്തില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. 25ഓളം കുടുംബങ്ങളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീയുടെ മരുമകളുടെ അമ്മ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടിരുന്നു. എല്ലാ കുടുംബാംഗങ്ങളും ഇവരുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇതോടെ സര്‍ക്കാര്‍ ഇടപെട്ട് കുടുംബാംഗങ്ങളെ മുഴുവന്‍ നിരീക്ഷണത്തിലാക്കി. എല്ലാവരേയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു. കുടുംബാംഗങ്ങള്‍ എല്ലാവരും കൊവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രപതി ഭവന്‍ ജീവനക്കാരിയുടെ മരുമകള്‍ക്ക് കൊവിഡ് ഉണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ രാഷ്ട്രപതി ഭവന്‍ കോംപ്ലക്‌സിലെ 125 വീടുകളെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇതേ സമുച്ചയത്തിലെ 25 വീടുകളെ കടുത്ത നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. ഈ സമുച്ചയത്തിലെ മറ്റ് വീടുകളിലെ ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനും മറ്റുമായി പുറത്തിറങ്ങാം. എന്നാല്‍ ഇവരെയും നിരീക്ഷിക്കും എന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് സ്ഥിരീകരിച്ച യുവതിക്ക് രാഷ്ട്രപതി ഭവനുമായി നേരിട്ട് ബന്ധമില്ല. എങ്കിലും ഇവരുടെ ബന്ധു രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളി ആയിരുന്നു എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.

നേരത്തെയും രാഷ്ട്രപതി ഭവന്‍ കൊവിഡ് ഭീതിയിലമര്‍ന്നിട്ടുണ്ട്. ബോളിവുഡ് ഗായിക കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. കനിക കപൂര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത ദുഷ്യന്ത് സിംഗ് എംപി പിന്നീട് രാഷ്ട്രപതി ഭവനില്‍ രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം പങ്കെടുത്തിരുന്നു. ഇതോടെ രാഷ്ട്രപതി ഭവന്‍ ആശങ്കയിലായി. എന്നാല്‍ പരിശോധനയില്‍ ആര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *