പ്രചരിക്കുന്ന വ്യാജ തീയതികള്‍ കണ്ടു ആരും റേഷന്‍ കടയില്‍ പോകരുത്: ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി

തിരുവനന്തപുരം: സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച്‌ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി. വ്യാജ സന്ദേശം കണ്ട് ആരും റേഷന്‍ കടയില്‍ പോകരുതെന്നും ശരിയായ വിവരങ്ങള്‍ സര്‍ക്കാര്‍ സമയാസമയങ്ങളില്‍ അറിയിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി അറിയിച്ചു.

ഏപ്രില്‍ 9-ാം തിയതി മുതലാണ് 17 ഇനങ്ങള്‍ അടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങിയത്. പയര്‍, പഞ്ചസാര, ചായപ്പൊടി, ചെറുപയര്‍, വെളിച്ചെണ്ണ ഇങ്ങനെ 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റാണ് കൊവിഡ് കാലത്തെ നേരിടാന്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. എ എ വൈ വിഭാഗത്തിലെ ട്രൈബല്‍ വിഭാഗത്തിനാണ് ആദ്യം വിതരണം ചെയ്തത്. അതിന് ശേഷം മുഴുവന്‍ മറ്റുള്ള എ എ വൈ വിഭാഗത്തിന് വിതരണം നടക്കും. റേഷന്‍ കടകള്‍ വഴിയാണ് വിതരണം നടക്കുക. മുഴുവന്‍ എ എ വൈ കിറ്റുകളും ( 5.95 ലക്ഷം) കിറ്റ് വിതരണം ചെയ്തതിന് ശേഷം മുന്‍ഗണന (പിങ്ക് കാര്‍ഡ്) കുടുംബങ്ങള്‍ക്ക് (31 ലക്ഷം) കിറ്റ് വിതരണം ചെയ്യും. പിന്നീട് നീല വെള്ള കാര്‍ഡുകള്‍ക്ക് എന്നിങ്ങനെയാണ് വിതരണം നടത്തുക.

 

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം ഇങ്ങനെ:

സൗജന്യ 17 ഇനം ഭക്ഷ്യധാന്യകിറ്റ് വിതരണം

മഞ്ഞ കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം 13/04/2020 തിങ്കള്‍

പിങ്ക് കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം 16/4/2020 വ്യാഴം

നീല കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം 21/4/2020 ചൊവ്വാഴ്ച

വെള്ള കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം 25/4/2020 മുതല്‍

Leave a Reply

Your email address will not be published. Required fields are marked *