സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി. പരമ്ബരാഗത വ്യവസായ മേഖലകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് സ്വഭാവികമായ ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടതായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പരമ്ബരാഗത വ്യവസായ മേഖല കയര്‍, കശുവണ്ടി, കൈത്തറി, ബീഡി,ഖാദി ഇത്തരം മേഖലകളില്‍ എല്ലാം പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടതായിട്ടുണ്ട്. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്റുകള്‍ വേണം. അതിലൂടെയാകണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയണം. ആളുകളുടെ കൈയില്‍ വരുമാനമുണ്ടാകണമെങ്കില്‍ ക്രയവിക്രയശേഷി വര്‍ധിക്കണം.

തൊഴില്‍മേഖല സജീവമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അപ്രകാരം നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പിഡബ്ല്യുഡിയും മറ്റു വകുപ്പുകളുടെ പ്രവൃത്തികളും സ്വകാര്യമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സ്തംഭിച്ച അവസ്ഥയിലാണ്. ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തൊഴിലാളികള്‍ ശാരീരിക അകലം പാലിക്കണം. ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മെയ് മാസത്തിന് ശേഷം മഴയുണ്ടാകും. അതിനകം നിലച്ച്‌ പോയ കെട്ടിട, വീട് നിര്‍മാണം നല്ല ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയണം. ലോക്ക്ഡൗണിന് ശേഷം ലൈഫ് വീടുകളുടെ നിര്‍മാണവും നിലച്ചു പോയി. അതും പൂര്‍ത്തിയാക്കണം. ഇതിനായി താല്‍ക്കാലിക സംവിധാനമൊരുക്കണം.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കണം. കാര്‍ഷിക വൃത്തി നടത്താം. എല്ലാ പ്രദേശങ്ങളിലും കാര്‍ഷിക വൃത്തി അനുവദിക്കും. വിത്തിടുന്നതിന് പാടശേഖരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതെല്ലാം അനുവദിക്കും. കാര്‍ഷികോല്‍പ്പനങ്ങള്‍ സംഭരിച്ച്‌ മാര്‍ക്കറ്റില്‍ എത്തിക്കും. വില്‍പന നടത്താം. അതിനായി മാര്‍ക്കറ്റുകള്‍ തുറക്കാം. മില്ലുകള്‍, വെളിച്ചെണ്ണ ഉല്‍പാദനം ഇവയൊക്കെ പ്രവര്‍ത്തിക്കണം

Leave a Reply

Your email address will not be published. Required fields are marked *