സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19  സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19  സ്ഥിരീകരിച്ചു. ഇന്ന് കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് 1 എന്ന നിലയിലാണ് ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നു വന്നവരും രണ്ടു പേര്‍ സമ്ബര്‍ക്കംമൂലവുമാണ്. 27 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 24, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 88,855 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 88,332 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17,400 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16,459 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ ഏതാണ്ട് മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. അത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തന്നെയാണ്. അതിനു പുറമെ ആശ്വാസം പകരുന്ന മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.

ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തു നിന്നുമായി 268 യാത്രക്കാരുമായി ബ്രിട്ടനിലേക്ക് യാത്രതിരിച്ചു. ഈ കൂട്ടത്തില്‍ കോവിഡ് രോഗം ഭേദപ്പെട്ട ഏഴ് വിദേശ പൗരന്മാരുമുണ്ട്. നമ്മുടെ സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കുന്നതിന് ഉണ്ടാക്കിയ നേട്ടത്തിന്‍റെ സൂചനയാണിത്. അവര്‍ കേരളത്തിന് പ്രത്യേക കൃതജ്ഞത അറിയിച്ചിട്ടാണ് വിമാനം കയറിയത്. അതോടൊപ്പം നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെ കോവിഡ് ബാധിച്ച രണ്ടുപേര്‍ ഇന്ന് രോഗവിമുക്തരായ കൂട്ടത്തിലുണ്ട് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *