ലോക് ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടി

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച്ച രാജ്യത്ത് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രോഗം കുറയുന്ന ഇടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകളുണ്ടാകും. യാത്രാനിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകില്ല. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്ത് വേഗത്തിലാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നത്. ഇത്രയെങ്കിലും പിടിച്ചുനിര്‍ത്താനായത് ജനങ്ങളുടെ പിന്തുണകൊണ്ടാണ്. മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ മെച്ചമാണ് ഇന്ത്യയുടെ നില. രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ എല്ലാം സഹായകരമായി. കോവിഡ് പ്രതിരോധത്തില്‍ രാജ്യം ഇതുവരെ ജയിച്ചു. രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രഥമദൗത്യം. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുകയാണ്. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസ്സിലാക്കുന്നു. ഉത്സവങ്ങള്‍ മാതൃകാപരമായി ആഘോഷിക്കാനായി.

വൈറസ് എല്ലാ തലത്തിലും തടയണം. ഓരോ ഹോട്ട്സ്പോട്ടുകളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് കൃത്യമായ വിലയിരുത്തലുകള്‍ നടത്തും. പുതിയ ഹോട്ട്സ്പോട്ടുകള്‍ വന്നാല്‍, നമ്മുടെ ശ്രമങ്ങള്‍ക്ക് തടസങ്ങള്‍ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച്‌ 24-ന് പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഏഴിന നിര്‍ദേശങ്ങളും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

1. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുക
2. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുക
3. രോഗപ്രതിരോധം ശക്തമാക്കുക
4. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുക
5. പാവപ്പെട്ടവരെ സഹായിക്കുക
6. തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചു വിടരുത്
7. ആരോഗ്യപ്രവര്‍ത്തകരെ മാനിക്കുക, ആദരിക്കുക

Leave a Reply

Your email address will not be published. Required fields are marked *