യുഎസിൽ 20,577 മരണം; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു

വാഷിങ്ടൻ∙ യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,577 പേർക്കാണ് യുഎസിൽ ഇതുവരെ ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന യുഎസ്, ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന രാജ്യമായി. ഇറ്റലിയിൽ 19,468 പേരാണ് ഇതുവരെ മരിച്ചത്.

കോവിഡ് മഹാമാരിയിൽ 24 മണിക്കൂറിനിടെ 2000 ത്തോളം ആളുകൾക്ക് ജീവൻ നഷ്ടമാകുന്ന ആദ്യത്തെ രാജ്യവും യുഎസ് ആണ്. ഒരു ദിവസത്തിനിടെ 2,108 പേരാണ് മരിച്ചത്. യുഎസിലെ പ്രധാന നഗരമായ ന്യൂയോർക്കിൽ 738 പേർക്കാണ് വെള്ളിയാഴ്ച മാത്രം ജീവൻ നഷ്ടമായത്. ന്യൂയോർക്കിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുത്തു. യുഎസിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. പുതിയതായി 3,132 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോളമരണനിരക്ക് 1,08,828 ആയി ഉയർന്നു. സ്പെയിനിൽ 1,63,027 പേർക്ക് രോഗം ബാധിച്ചപ്പോൾ ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,52,271 ആണ്. സ്പെയിനിൽ 16,606 പേരാണ് മരണപ്പെട്ടത്. യുകെയിൽ 24 മണിക്കൂറിനിടെ 917 പേർ മരിച്ചപ്പോൾ ആകെ മരണസംഖ്യ 9,875 ആയി. പുതിയതായി 5,34 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗബാധിതർ 78,991 ആയി.

വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ന്യൂയോർക്കിലെ പൊതു വിദ്യാലയങ്ങൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. മഹാമാരിയിൽ ഏറ്റവും മോശമായി ബാധിച്ച നഗരത്തിലെ വിദ്യാലയങ്ങൾ ഈ അധ്യായന വർഷം മുഴുവൻ അടച്ചിടാനാണ് തീരുമാനിച്ചിരുക്കുന്നതെന്ന് മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു. പത്തു ലക്ഷത്തിലധികം വിദ്യാർഥികൾക്കാണ് ഇത് ബാധകമാകുന്നത്. ഈ അധ്യായന വർഷം പൂർത്തിയാകാൻ ഇനി മൂന്നു മാസം കൂടി ബാക്കിനിൽക്കെയാണ് തീരുമാനം. സെപ്റ്റംബറിൽ അടുത്ത് അധ്യായന വർഷം ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *