സര്‍ക്കാരിനെതിരെ അതിരൂക്ഷ ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോവിഡ്-19 ന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് പി.ആര്‍. കമ്ബനി സ്പ്രിങ്ക്‌ളറിന് വില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരശേഖരണം സര്‍ക്കാര്‍ നടത്തിവരികയാണ്. എല്ലാ പഞ്ചായത്തുകളിലും ഇത് നടക്കുന്നുണ്ട്. ഈ വിവരങ്ങള്‍ സ്പ്രിങ്‌ളര്‍ കമ്ബനിയുടെ വെബ്‌സൈറ്റിലാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു.

സര്‍ക്കാര്‍ സംവിധാനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്ബനിയുടെ വെബ്‌സൈറ്റിലേക്കും സെര്‍വറിലേക്കുമാണ് പോകുന്നത്. ഹോം ഐസൊലേഷനിനുള്ളവരുടെ വിവരങ്ങള്‍ നിലവില്‍ വാര്‍ഡുതല സമിതികള്‍ വഴിയാണ് നിലവില്‍ സ്പ്രിങ്ക്‌ളര്‍ എന്ന കമ്ബനി ശേഖരിക്കുന്നത്. കേരള ഫീല്‍ഡ് കോവിഡ് സ്പ്രിങ്ക്‌ളര്‍ ഡോട്ട് കോം എന്ന സൈറ്റിലേക്കാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം പോലും ഈ കമ്ബനി ദുരുപയോഗം ചെയ്യുകയാണ്.- അദ്ദേഹം ആരോപിച്ചു.

ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങളാണ് വാര്‍ഡ്തല കമ്മറ്റികള്‍ വഴി കമ്ബനി ശേഖരിക്കുന്നത്. പ്രായമായവരുടെയും രോഗവ്യാപനത്തിനു സാധ്യതയുള്ളവരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 41 ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ശേഖരിക്കുന്നത്. ഇതില്‍ 17-ാമത്തെ ചോദ്യം വളരെ ഗുരുതരമാണ്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, തൈറോയ്ഡ് തുടങ്ങിയവയാണ് ഈ ചോദ്യത്തിലുള്ളത്. ഈ വിവരങ്ങള്‍ വാര്‍ഡ്തല കമ്മറ്റികള്‍ സ്പ്രിങ്‌ളര്‍ കമ്ബനിയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നു. ഇന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഈ കമ്ബനി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയില്ല എന്നതിന് എന്തു പരിരക്ഷയാണുള്ളത്. ഈ കമ്ബനിയെ എങ്ങനെയാണ് സര്‍ക്കാര്‍ ഈ കാര്യത്തിനു വേണ്ടി ചുമതലപ്പെടുത്തിയത്. ആഗോള ടെന്‍ഡര്‍ നല്‍കിയാണോ ഈ കമ്ബനിയെ തിരഞ്ഞെടുത്തത്? എത്രയാണ് തുകയാണ് ക്വോട്ട് ചെയ്തത്? അതോ സൗജന്യമായാണോ ചെയ്യുന്നത്? പണം വാങ്ങിയാണെങ്കിലും പണം വാങ്ങിയല്ലാതെയാണ് ചെയ്യുന്നതെങ്കിലും ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.

ഇതൊരു മാര്‍ക്കറ്റിങ് പി.ആര്‍. കമ്ബനിയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഒരു പരസ്യചിത്രത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായ ശിവശങ്കരന്‍ ഐ.എ.എസ്. അഭിനയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ കമ്ബനിയുടെ പരസ്യചിത്രത്തില്‍ അദ്ദേഹത്തിന് എങ്ങനെ അഭിനയിക്കാനാകും? ഈ ഡേറ്റ കമ്ബനി വാണിജ്യ ആവശ്യങ്ങള്‍ക്ക് മറിച്ചു നല്‍കില്ല എന്നതിന് എന്താണുറപ്പെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്മാറണമെന്നും ഐ.ടി. സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *