ധാരാവി ചേരി അടച്ചുപൂട്ടി, കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര

മുംബൈ: കൊറോണ വൈറസ് പടര്‍ന്നപിടിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍.സംസ്ഥാനത്ത് കൊറോണയുടെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ ധാരാവി മേഖല അടച്ചുപൂട്ടി. ഇന്ന് മാത്രം അഞ്ച് കേസുകളാണ് ധാരാവിയില്‍ നിന്ന് മാത്രം പോസിറ്റീവായത്. നിലവില്‍ 13 പേരാണ് മേഖലയില്‍ നിന്ന് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. എഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അടച്ചിട്ടതിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറി-പഴം കച്ചവടം, എല്ലാവിധ കടകളും അധികൃതര്‍ പൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മേഖലയില്‍ മെഡിക്കള്‍ ഷോപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ബ്രിഹാന്‍മുംബൈ മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയത്. അത്യാവശ്യം വേണ്ടസാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 1നാണ് ധാരാവിയില്‍ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. ഏകദേശം 15 ലക്ഷം പേരാണ് ചേരിയില്‍ മാത്രം ജീവിക്കുന്നത്. കൊറോണയുടെ സാമൂഹ്യവ്യാപനം ചേരിയില്‍ രൂപപ്പെട്ടാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. ഇത് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം.

മുംബൈയില്‍ നിന്ന് ഇന്ന് മാത്രം 149 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകളില്‍ 85 ശതമാനവും മുംബൈയില്‍ നിന്ന് മാത്രമാണ്. പൂനെയിലും രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലാണ്. 72 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച്‌ മരിച്ചത്. അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും ഇല്ലാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചുവീണതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *