കള്ളം കയ്യോടെ പിടിച്ചതിന്റെ വേവലാതിയാണ് മുഖ്യമന്ത്രിക്ക്: ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ പലതരം വീഴ്ചകളും പാളിച്ചകളും ശ്രദ്ധയില്‍പ്പെട്ടെങ്കിലും പലതും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. ഇന്നലെ കള്ളം കൈയോടെ പിടിച്ചപ്പോള്‍ മുഖ്യമന്ത്രി വിറളി പൂണ്ട് പ്രതിപക്ഷത്തിന് മേലെ കുതിര കയറുകയാണ് ചെയുന്നത്.

വസ്തുനിഷ്ഠമായ ചില കാര്യങ്ങള്‍ മാത്രമാണ് ഇന്നലെ മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ഞാനും കൂടി വാര്‍ത്താസമ്മേളമനത്തില്‍ പറഞ്ഞതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രവാസികളുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചത് ശരിയായ ആരോപണമാണ്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നത്. മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണ്. ഈ കുന്നായ്മ തുടങ്ങിയിട്ട് കുറേ കാലമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കൊവിഡ് വരും മുന്‍പേ തന്നെ കേരളത്തിന്റെ സാമ്ബത്തികാവസ്ഥ തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും കെടുകാര്യസ്ഥത, ധൂര്‍ത്ത്, നികുതി പിരിവിലെ പാളിച്ച ഇതൊക്കെയാണ് കേരളത്തില്‍ സാമ്ബത്തികസ്ഥിതി മോശമാകാന്‍ കാരണമെന്നും സാമ്ബത്തിക മാനേജ്‌മെന്റിലെ പാളിച്ച കൊവിഡിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു.

അതേ സമയം സാലറി ചലഞ്ചിന് എതിരല്ലെന്നും നിര്‍ബന്ധമായി സാലറി ചലഞ്ച് നടപ്പാക്കരുത്.എന്നാല്‍ ഇതിനോട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *