ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര-നാടക നടൻ ശശി കലിംഗ എന്ന വി. ചന്ദ്രകുമാർ(59) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം പിന്നിട് നടക്കും.

കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ശശി ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്.

ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 1998ൽ അവിര റബേക്ക് സംവിധാനം ചെയ്ത തകരച്ചെണ്ട എന്ന ചിത്രത്തിലൂടെയായിരുന്നു ശശി കലിംഗ ബിഗ് സ്ക്രീനിലെത്തിയത്. അതിൽ പളനിസ്വാമി എന്ന ആക്രികച്ചവടക്കാരനായാണ് ശശി വേഷമിട്ടത്. തുടർന്ന് സിനിമകൾ ലഭിക്കാതായതോടെ നാടകരംഗത്ത് സജീവമായി. എന്നാൽ 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിൽ സുപ്രധാനവേഷം ലഭിച്ചത് ശശി കലിംഗയുടെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായി. സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ശശി എന്ന പേരിനൊപ്പം ചേർത്തത്.

പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചശേഷമാണ് ശശി കലിംഗയുടെ മടക്കം. ‘പാലേരി മാണിക്യം പാതിരാ കൊലപാതകത്തിന്‍റെ കഥ’ എന്ന ചിത്രത്തിലെ ഇൻസ്പെക്ടർ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. അതിനുശേഷം രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ തന്നെ മറ്റൊരു ചിത്രമമായ പ്രാഞ്ചിയേട്ടനിൽ ഇയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ശശി കലിംഗ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *