കേരള – കർണാടക അതിർത്തി പ്രശ്‌നം: ഹർജി സുപ്രീംകോടതി തീർപ്പാക്കി

ന്യൂഡൽഹി: കോവിഡ് ലോക്ഡൗണിനെ തുടർന്ന് അടച്ച കേരള – കർണാടക അതിർത്തി തുറക്കാൻ ധാരണയായെന്നു കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച ഹർജി പരിഗണിക്കവേയാണു കേന്ദ്രം നിലപാട് അറിയിച്ചത്.

കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണു ഹർജി പരിഗണിച്ചത്.

കോവിഡ് ബാധയില്ലാത്ത മറ്റ് അസുഖബാധിതരെ അതിർത്തി കടത്തിവിടാമെന്നു കർണാടക അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരളത്തിലെയും കർണാടകയിലെയും ചീഫ് സെക്രട്ടറിമാരും വിഷയത്തിൽ ചർച്ച നടത്തി ധാരണയിൽ എത്തിയെന്നാണു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചത്. അടിയന്തര ചികിത്സ വേണ്ടവർക്കു കേരളത്തിൽനിന്നു കർണാടകയിലെ ആശുപത്രികളിലേക്കു പോകുന്നതിനും അവശ്യ വസ്തുക്കൾ കൊണ്ടുപോകുന്നതിനും തടസ്സമില്ലെന്നും പ്രോട്ടോക്കോൾ തയാറാക്കിയിട്ടുണ്ടെന്നും തുഷാർ മേത്ത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *